
നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്
കൊല്ലം: ആശ്രാമം കാവടിപ്പുറത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറി ഓട നിർമ്മിക്കാൻ കോർപ്പറേഷന്റെ നീക്കം. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ശാസ്ത്രഗവേഷകനുമായ പ്രൊഫ. ജി.കെ. ശശിധരന്റെ ഭാര്യ രുഗ്മിണിയുടെയും സഹോദരങ്ങളുടെയും ഉടമസ്ഥയിലുള്ള ഭൂമിയാണ് നിയമവിരുദ്ധമായി പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നത്.
ആശ്രാമം ചേക്കോട്ട്- കാവടിപ്പുറം റോഡിൽ, കാവടിപ്പുറം ജംഗ്ഷന് സമീപമാണ് പ്രൊഫ. ജി.കെ. ശശിധരന്റെ പുരയിടവും വീടും. താഴ്ന്ന പ്രദേശമായ ഇവിടെ ഉണ്ടായിരുന്ന കുളം നികത്തി സ്വകാര്യ വ്യക്തി മൂന്ന് നില ഫ്ലാറ്റ് നിർമ്മിച്ചു. ഇതോടെ റോഡിന്റെ ഇരുവശത്ത് നിന്നും എത്തുന്ന മഴവെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ലാത്ത അവസ്ഥയായി. മഴ തുടങ്ങുമ്പോൾ തന്നെ റോഡിലെ താഴ്ന്ന പ്രദേശത്തും ഫ്ലാറ്റിലും വൻ വെള്ളക്കെട്ട് രൂപപ്പെടും. ഇതോടെ ട്രീറ്റ്മെന്റ് പ്ലാന്റില്ലാത്ത ഫ്ളാറ്റിലെ കക്കൂസിൽ നിന്നുള്ള മാലിന്യം പരിസരത്താകെ പരക്കും. ഇത് പരിഹരിക്കാനെന്ന പേരിലാണ് ജി.കെ. ശശിധരന്റെ കുടുംബാംഗങ്ങളുടെ ഭൂമി പിടിച്ചെടുത്ത് ഓട നിർമ്മിക്കാൻ ശ്രമം നടക്കുന്നത്.
മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്ത ഫ്ലാറ്റിൽ നിന്നുള്ള മലിനജലം ജി.കെ. ശശിധരന്റെ ഭൂമിയിലൂടെ അഷ്ടമുടിക്കായലിലേക്ക് ഒഴുക്കിത്തുടങ്ങി. കായലിൽ കക്കൂസ് മാലിന്യം കുന്നുകൂടിയതോടെ മലിനീകരണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ മലിജനജലം ഒഴുക്കൽ തടയാൻ ഉത്തരവിട്ടു. ഇതിനെതിരെ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ടി.കെ.എം എൻജിനീറിംഗ് കോളേജിലെ അദ്ധ്യാപകരടങ്ങിയ വിദഗ്ദ്ധ സംഘത്തെ പ്രശ്നം പഠിക്കാൻ നിയോഗിച്ചു. ഈ സംഘം റോഡിന് സമാന്തരമായി പുതിയ ഓട നിർമ്മിച്ച് 150 മീറ്റർ അകലെയുള്ള ഓടയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. ഇതിനിതിരെ കോർപ്പറേഷൻ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബഞ്ചും കോർപ്പറേഷന്റെ ആവശ്യം തള്ളി വിദഗ്ദ്ധ സംഘത്തിന്റെ നിർദ്ദേശം നടപ്പാക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കോർപ്പറേഷൻ വീണ്ടും ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്.
അയയാത്ത പിടിവാശി
ഹൈക്കോടതി ഉത്തരവിന് മുമ്പ് തന്നെ ഈ പ്രദേശത്ത് റോഡിന് സമാന്തരമായി ഓട നിർമ്മിക്കാൻ പി.കെ. ഗുരുദാസൻ എം.എൽ.എ ആയിരുന്ന കാലത്ത് ശ്രമിച്ചെങ്കിലും നടപ്പായില്ല. ഇപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഇത്തരത്തിൽ ഓട നിർമ്മിക്കാൻ പണം അനുവദിച്ച് എസ്റ്റിമേറ്റ് അടക്കം തയ്യാറാക്കിയെങ്കിലും അതിന് അനുവദിക്കാതെയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽക്കൂടി മാത്രമേ ഓട നിർമ്മിക്കുവെന്ന പിടിവാശി കോർപ്പറേഷൻ സ്വീകരിച്ചിരിക്കുന്നത്.