light
തെരുവ് വിളക്ക്

പത്തനാപുരം: തെരുവ് വിളക്കുകൾ കത്തുന്നില്ല. നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ. പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ചെളിക്കുഴി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലുമാണ് മാസങ്ങളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനരഹിതമാണ്.

സാമൂഹ്യവിരുദ്ധരും തെരുവ് നായ്ക്കളും

സന്ധ്യയായാൽ ചെളിക്കുഴി ജംഗ്ഷൻ തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറും. കഞ്ചാവും വ്യാജമദ്യ വില്പനയുമൊക്കെ തകൃതിയായി നടക്കുന്നുണ്ട്. ചെളിക്കുഴി അന്തി ചന്തയിലും ആഴ്ചയിൽ രണ്ട് ദിവസം വെളുപ്പിന് തുടങ്ങുന്ന കാർഷിക വിള വ്യാപാര ചന്തയിലും വിളക്കുകൾ കത്താത്തത് ആളുകളെ വലയ്ക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതി വിളക്കുകൾ അണച്ചാൽ പിന്നെ കവല ഇരുട്ടിലാകും. തെരുവ് നായകളാണ് ജംഗ്ഷനിലെ മറ്റൊരു പ്രശ്നം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് കാൽനടയായി പോലും യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. ചെളിക്കുഴി - മുതൽ കുന്നിട,മാലൂർ, കടുവാത്തോട്, കൈത പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡിലും തെരുവ് വിളക്കുകൾ കത്തുന്നില്ല. ജനപ്രതിനിധികൾക്കും കെ.എസ്.ഇ.ബി പഞ്ചായത്ത് അധികൃതർക്കും പരാതി നല്കിയെങ്കിലും ഒരു നടപടിയും ഇല്ല.

തെരുവ് വിളക്കുകൾ കത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

അജിത്ത് കൃഷ്ണ

പൊതുപ്രവർത്തകൻ , പട്ടാഴി

ചന്തയിൽ എത്തുന്ന കർഷകർക്കും വ്യാപാരികൾക്കും പ്രകാശം ലഭ്യമാക്കണം.

സി. ഉദയകുമാർ ,എസ്.എൻ.ഡി .പി യോഗം 5501 -ാം നമ്പർ കുമാരനാശാൻ സ്മാരക

ചെളിക്കുഴി പടിഞ്ഞാറ് ശാഖാ പ്രസിഡന്റ്)