പുനലൂർ: കുണ്ടും കുഴിയും നിറഞ്ഞ ഒറ്റക്കൽ ഗ്രീൻവാലി-റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായി. കാൽനട യാത്ര പോലും ദുഷ്ക്കരമായ പാതയെ 30ഓളം കുടുംബാംഗങ്ങളാണ് ആശ്രയിക്കുന്നത്. കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഗ്രീൻവാലി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ റോഡിലെത്തുന്ന സമാന്തര പാതയാണ് നാശത്തിലേക്ക് നീങ്ങിയത്. കുത്തിറക്കവും കയറ്റവുമുള്ള റോഡ് പുനരുദ്ധരിക്കാത്തത് കാരണം മലയോരവാസികൾ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്.കാല വർഷം ആരംഭിച്ചതോടെ ചെളികുണ്ടായി മാറിയ റോഡ് വഴി രോഗികളെയും മറ്റും ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷപോലും വരില്ല. ഇത് കണക്കിലെടുത്ത് സമാന്തര പാത അടിയന്തരമായി പുനരുദ്ധരിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് എൻ.സി.പി തെന്മല മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. എൻ.സി.പി തെന്മല മണ്ഡലം പ്രസിഡന്റും എൽ.എൽ.സി ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ സന്തോഷ് ഉറുകുന്ന് യോഗം ഉദ്ഘാടനം ചെയ്തു. സുധീർ സോമരാജൻ അദ്ധ്യക്ഷനായി. ഉഷാകുമാരി, ഹാജാറവുത്തർ,സുലൈമാൻ,ബൈജു തുടങ്ങിയവർ സംസാരിച്ചു.