കൊട്ടാരക്കര: ആനക്കോട്ടൂരിന് അക്ഷര വെളിച്ചമായ ഗവ.എൽ.പി സ്കൂളിൽ യു.പി വിഭാഗം തുടങ്ങണമെന്ന ആവശ്യം ശക്തമായി. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളുള്ള ഇവിടെ യു.പി വിഭാഗം തുടങ്ങിയാൽ നാടിന് വലിയ അനുഗ്രഹമായി മാറും. നൂറ്റാണ്ടിന്റെ പെരുമയുള്ള മുത്തശ്ശി വിദ്യാലയത്തിൽ നിലവിൽ 5-ാം ക്ളാസ് വരെയാണുള്ളത്. അഞ്ചാം ക്ളാസ് പൂർത്തിയാകുന്നവരെ രണ്ടു വർഷത്തേക്ക് നെടുവത്തൂർ ഡി.വി.യു.പി സ്കൂളിലോ തേവലപ്പുറം യു.പി സ്കൂളിലോ വിടണം. ഉയർന്ന ക്ലാസുകളിലേക്കുള്ള പഠനത്തിന് വീണ്ടും സ്കൂൾ മാറ്റണം. കർഷക, കശുഅണ്ടി മേഖലയിലുള്ളവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ആനക്കോട്ടൂർ.
കുട്ടികളുടെ പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും വേണം
2021 ഫെബ്രുവരിയിലാണ് ബഹുനില കെട്ടിടം നിർമ്മിച്ച് നാടിന് സമർപ്പിച്ചത്. പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.76 കോടി രൂപ ചെലവിട്ടായിരുന്നു നിർമ്മാണം. പഴയ കെട്ടിടത്തിൽ വീർപ്പുമുട്ടിയിരുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടമായപ്പോഴാണ് യു.പി വിഭാഗം കൂടി അനുവദിക്കണമെന്ന ആവശ്യമുയർന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവുമാണ് ഇപ്പോൾ മറ്റ് പ്രധാന ആവശ്യങ്ങൾ.
ക്ളാസ് മുറികളിലൊതുങ്ങാതെ...
മികച്ച അദ്ധ്യയനം നടത്തുന്ന വിദ്യാലയത്തിൽ കഴിഞ്ഞ കുറേക്കാലമായി സുശക്തമായ പി.ടി.എ കമ്മിറ്റിയുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാലയത്തിന്റെ പ്രവർത്തനം ക്ളാസ് മുറികളിൽ ഒതുങ്ങുന്നതല്ല. പുത്തൂർ പൊലീസ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണ ക്ളാസുകളും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കലാ സാംസ്കാരിക പരിപാടികളൊരുക്കി. കാർഷിക പദ്ധതികൾ നടപ്പാക്കി. പരിസ്ഥിതി പ്രവർത്തനങ്ങൾ,ഗ്രന്ഥശാലയുമായി ചേർന്ന് പ്രതിഭാ കേന്ദ്രം, എൽ.എസ്.എസ് സ്കോളർഷിപ്പിനുള്ള പ്രത്യേക പരിശീലനം, പൂർവ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ നടത്തി. ഭിന്നശേഷിയുള്ള വിദ്യാർത്ഥിയ്ക്ക് കൃത്രിമ കാൽ നൽകിയും കൊവിഡ് കാലത്ത് 6 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകിതും മികവായി. ഇപ്പോൾ കെ.എസ്.ടി.എയുമായി സഹകരിച്ച് ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്ന പ്രവർത്തനം നടന്നുവരികയാണ്.
നാടിന് പ്രതിഭകളെ സമ്മാനിച്ച ഈ മുത്തശ്ശി വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞുവെന്നത് അഭിമാനമാണ്. സ്കൂളിൽ ആറ്, ഏഴ് ക്ളാസുകൾ കൂടി തുടങ്ങാൻ സംവിധാനമൊരുങ്ങണം. ഇതിനുള്ള പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ആർ.ശിവകുമാർ, മുൻ പി.ടി.എ പ്രസിഡന്റ്