ചവറ : ചവറ തെക്കുംഭാഗം പഞ്ചായത്തിലെ പള്ളിക്കോടിപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് ടോർച്ച് കയ്യിൽ കരുതണം. പാലം ഇരുട്ടിലായിട്ട് മാസങ്ങളായി. വഴി വിളക്കുകൾ തുരുമ്പെടുത്ത് ജീർണ്ണിച്ച് നിലംപൊത്തിയതാണ് കാരണം. പാലത്തിന് ഇരുവശവും വഴിവിളക്കുകൾ ഉണ്ടായിരുന്നു, ഒന്നും തന്നെ കത്തുന്നില്ല.
യാത്രക്കാരെ ദുരിതത്തിലാക്കുന്നു
സന്ധ്യാ സമയങ്ങളിലും രാത്രി വൈകിയും വെളുപ്പാൻ കാലത്തും ഫിസിക്കൽ ട്രെയിനികളും സ്ത്രീകളും വൃദ്ധ ജനങ്ങളും ചെറുപ്പക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് തെക്കുംഭാഗം, നീണ്ടകര പ്രദേശങ്ങളിൽ നിന്ന് വ്യായാമത്തിനും മറ്റും പള്ളിക്കോടി പാലത്തിലെത്തുന്നത്. എന്നാൽ വഴിവിളക്ക് തെളിയാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് വഴിവിളക്കുകൾ കത്തിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.