
കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ വൈദ്യുതി തകരാറിനെ തുടർന്ന് മൂന്നര മണിക്കൂറിലേറെ പ്രവർത്തനം സ്തംഭിച്ചു. ഓപ്പറേഷൻ തിയേറ്റർ, ലബോറട്ടറി തുടങ്ങിയവയുടെ പ്രവർത്തനം മുടങ്ങിയതോടെ രോഗികൾ വലഞ്ഞു.
വിവിധ ഭാഗങ്ങളിൽ നിന്ന് രാവിലെ ആശുപത്രിയിൽ എത്തിയവർ പരിശോധനയ്ക്കായി മണിക്കൂറുകളോളം കാത്തിരുന്നു. ഒട്ടേറെ രോഗികൾ ലബോറട്ടറി പരിശോധന പോലും നടത്താനാകാതെ മടങ്ങി. അതിരാവിലെ പരിശോധന നടത്തിയവർക്ക് ഫലവും വൈകി.
രാവിലെ 9 ഓടെയാണ് വൈദ്യുതി നിലച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസവും വൈദ്യുതി മുടങ്ങിയിരുന്നതായി രോഗികൾ പറഞ്ഞു. സൂപ്പർ സ്‌പെഷാലിറ്റി ആശുപ്രതിയാണെങ്കിലും ജനറേറ്റർ അടക്കമുള്ള പകരം സംവിധാനങ്ങൾ ഇല്ല. തകരാറിലായ പാനൽ ബോർഡ് മാറ്റി സ്ഥാപിക്കുന്നതിനായി മൂന്ന് മണിക്കൂർ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ബംഗളൂരുവിൽ നിന്ന് പാനൽ ബോർഡ് വരുത്തിയാണ് മാറ്റി സ്ഥാപിച്ചത്. ഇതിനുവേണ്ടി പുതിയ കെട്ടിടത്തിലെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ മുഴുവൻ സംവിധാനങ്ങളും അടച്ചിടേണ്ടി വന്നു. ഒരു മണിയോടെ പണി പൂർത്തിയാക്കി വൈദ്യുതി പുനഃസ്ഥാപിച്ചു. പഴയ കെട്ടിടത്തിൽ വൈദ്യുതി ബന്ധം തടസപ്പെട്ടില്ലെന്നും അധികൃതർ പറഞ്ഞു.