പരവൂർ: തെക്കുംഭാഗം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് മുകളിലേയ്ക്ക് അപകടകരമായി മരം ചാഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നിട്ടും അധികൃതർക്ക് അനക്കമില്ല.
ശക്തമായ കാറ്റിലും മഴയിലും ഏതുസമയവും മരം കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. പോസ്റ്റ്ഓഫീസിലെ ജീവനക്കാർ മരണഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് ഇതുകാരണം കാര്യമായ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിലെ അടുത്ത മുറിയിൽ വൃദ്ധർ അടങ്ങുന്ന ഒരു കുടുംബവും താമസിക്കുന്നുണ്ട്.
മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫീസ് അധികൃതർ കളക്ടർ, നഗരസഭ, അഗ്നിരക്ഷാസേന എന്നിവർക്ക് പരാതി നൽകിയെങ്കിലും മരം മുറിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ് എന്ന വിശദീകരണമാണ് ലഭിച്ചത്.