ചവറ : ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. തുളസീധരൻ പിള്ളയുടെ മരണത്തെ തുടർന്ന് കൊറ്റൻകുളങ്ങര വാർഡിൽ ഉപ തിരഞ്ഞെടുപ്പ് നടന്നു. 82.79 ശതമാനം പേർ വോട്ടു ചെയ്തു. 587 പുരുഷന്മാരും 654സ്ത്രീകളും ഉൾപ്പെടെ 1241 പേർ വോട്ടു ചെയ്തു. കൊറ്റൻകുളങ്ങര സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്​കൂളിൽ രണ്ട് ബൂത്തിലായിരുന്നു വോട്ടെടുപ്പ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളായ ഉണ്ണിക്കൃഷ്ണൻ അംബികാ ദേവി, സതീഷ് കുമാർ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. വാർഡ് നിലനിറുത്താനാകുമെന്ന് യു.ഡി.എഫും തിരിച്ച് പിടിക്കാനാകുമെന്ന് എൽ.ഡി.എഫും അട്ടിമറി വിജയം നേടാനാകുമെന്ന് ബി.ജെ.പിയും വിശ്വസിക്കുന്നു.23​ വാർഡുകളുള്ള പഞ്ചായത്ത് യു.ഡി.എഫാണ് ഭരിക്കുന്നത്. ആര് വിജയിച്ചാലും ഭരണമാറ്റം ഉണ്ടാകില്ല.ഇന്ന് ചവറ ബ്ലോക്കോഫീസിൽ വെച്ച് രാവിലെ വോട്ടെണ്ണൽ നടക്കും.