ചവറ : കൊറ്റൻകുളങ്ങര വാർഡിലെ ഉപ തിരഞ്ഞെടുപ്പിനിടെ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ഇന്നലെ വൈകിട്ട് 6.45നായിരുന്നു സംഘർഷം. ആർ.വൈ.എഫ് ചവറ സെക്രട്ടറി അശ്വിൻ, ഇമ്മാനുവൽ, ആർ.എസ്. പി ലോക്കൽ സെക്രട്ടറി ഡി. സുനിൽകുമാർ, സുരേഷ് കുറുപ്പ് എന്നിവർക്കും സി.പി.എം ഏരിയ കമ്മിറ്റി അംഗം അനൂപ് , ഡി.വൈ.എഫ്. ഐ സെക്രട്ടറി അജി, നിസാമുദിൻ എന്നിവർക്കും പരിക്കേറ്റു.
കല്ലേറിൽ അനൂപിന്റെ തലക്ക് പൊട്ടലേറ്റു.ചവറ എസ്. ഐ നൗഫൽ ഓച്ചിറ, കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശിവരാജൻ, മണിലാൽ, ജയപ്രകാശ് എന്നിവർക്കും കല്ലേറിൽ പരിക്കേറ്റു. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നില നിന്നു. എൽ.ഡി .എഫിലെയും യു.ഡി.എഫിലെയും ഒട്ടുമിക്ക നേതാക്കളും പോയതിനു ശേഷം ചില പ്രവർത്തകർ മദ്യപിച്ചെത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ്പറഞ്ഞു. പൊലീസെത്തി ഇരു വിഭാഗത്തെയും പറഞ്ഞ് വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ പൊലീസ് ലാത്തി വീശി പ്രവർത്തകരെ ഓടിച്ചു. സംഭവം അറിഞ്ഞ് കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളിലെയും മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ നിയന്ത്രിച്ചു. പരിക്കറ്റവർ നീണ്ടകര താലൂക്കാശുപത്രി, ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ഇരുവിഭാഗങ്ങളിലെയും കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.