ഓടനാവട്ടം : ഇക്കോ ടൂറിസം പദ്ധതി നിലവിലുള്ള മുട്ടറ മരുതി മലയിൽ റവന്യു ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും എത്തി. ഏക്കറിന് ആയിരം രൂപ പാട്ട വ്യവസ്ഥ പ്രകാരം 2009ൽ സർക്കാർ വെളിയം ഗ്രാമ പഞ്ചായത്തിന് ടൂറിസം പദ്ധതിക്കായി നൽകിയ സ്ഥലമാണിവിടം. 38.5 ഏക്കർ റവന്യൂഭൂമിയിൽ യാതൊരു വിധ സ്വകാര്യ കൈയ്യേറ്റവും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ പറഞ്ഞു. ഇവിടെ ഒന്നര ഏക്കറിന് അവകാശം സ്ഥാപിച്ചെടുക്കാൻ സ്വകാര്യ വ്യക്തികൾ ശ്രമം നടത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഇടപെട്ട് നടപടി ആരംഭിച്ചത്. അതോടെ റവന്യൂ മന്ത്രിയും ധനമന്ത്രിയും
കളക്ടറോട് റവന്യൂ ഉദ്യോഗസ്ഥരുമായി മരുതിമലയിൽ എത്തി നടപടി സ്വീകരിക്കാൻ
ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച്ച 10 മണിയോടെ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പഞ്ചായത്തിന്റെ 38.5ഏക്കർ ഭൂമി അളന്നു തിട്ടപ്പെടുത്താൻ പ്രസിഡന്റ് ആർ. ബിനോജ് റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സർവേ ആരംഭിച്ചെങ്കിലും
സർവേ തുടരാനായില്ല. മൂന്ന് മണിയോടെ കളക്ടർ സ്ഥലത്തെത്തി.സർക്കാർ വസ്തു അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രേഖകൾ പരിശോധിച്ച് വ്യക്തികളുടെ അവകാശത്തിൽ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിനൊപ്പം മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. സനൽകുമാർ, ഷൈല സലിംലാൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ. പ്രേമചന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ. ബാലഗോപാൽ,ഡെപ്യൂട്ടി കളക്ടർ ജയശ്രീ, മരുതിമല സംരക്ഷണ സമിതി പ്രവർത്തകരായ ദിലീപ് കുന്നത്ത് ,വിജയപ്രകാശ് ഓടനാവട്ടം, ആർ.ഡി.ഒ ശശികുമാർ, തഹസീൽദാർ പി. ശുഭൻ ,ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ, ലാൻഡ് സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധം
സ്വകാര്യ വ്യക്തികളുടെ താത്പ്പര്യം സംരക്ഷിക്കുന്നതിൽ റവന്യൂ അധികൃതർ കാണിക്കുന്ന അനുകൂല നിലപാടിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. പ്രകാശ് എന്നിവർ പ്രതിഷേധിച്ചു.