veedu

കൊല്ലം: ഗൾഫിലെ ചുട്ടുപൊള്ളുന്ന ചൂടിൽ സെയിൽസ്‌ മാനായപ്പോഴും മൺവീടെന്ന സ്വപ്ന പച്ചയായിരുന്നു ചാത്തന്നൂർ മുണ്ടയ്ക്കവിള മൺവീട്ടിൽ രവിയുടെ (59) ജീവിതം. മണലും കമ്പിയും പടിക്ക് പുറത്താക്കുന്ന വീട്. സ്വപ്ന സാക്ഷാത്കാരത്തിനായി 14 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് 2000ൽ നാട്ടിലെത്തി. തുടർന്ന് അയ്യായിരം സ്‌ക്വയർഫീറ്റിൽ മണ്ണിലൊരുക്കിയ വീടിന് ചെലവായത് 18 ലക്ഷം രൂപ.

അഞ്ച് കിടപ്പുമുറികളും ഇടനാഴിയും ലിവിംഗ് റൂമും അടുക്കളയും ഉൾപ്പെടുന്നതാണ് വീട്. വിദഗ്‌ദ്ധാശയങ്ങൾ സ്വീകരിച്ച് പറമ്പിൽ നിന്നെടുത്ത ചെമ്മണ്ണും 10 ശതമാനം സിമന്റും ചേർത്താണ് ഭിത്തിയൊരുക്കിയത്. മൂലകളില്ലാതെ 56 വളവുകളും, വായു സഞ്ചാരത്തിന് വാതിലുകൾക്ക് പകരം ഗ്രില്ലുകളും സ്ഥാപിച്ചു. തട്ടടിക്കാതെ ഫെറോ സിമന്റിൽ രണ്ടിഞ്ച് വലിപ്പത്തിൽ മേൽക്കൂര വാർത്തു. തുടർന്ന് തമിഴ്നാട്ടിൽ നിന്നെത്തിച്ച ഒരു ലക്ഷം താളിയോടുകൾ മേൽക്കൂരയിൽ ടാറൊഴിച്ച് പാകി ബലപ്പെടുത്തി. തുടർന്ന് മതിലും പട്ടിക്കൂടും വരെ മണ്ണിലാണ് നിർമ്മിച്ചത്. ഒരു ഘട്ടമെത്തിയപ്പോൾ സ്വന്തമായിട്ടായിരുന്നു നിർമ്മാണം. പിന്തുണയുമായി ഭാര്യ ഗിരിജയും ഒപ്പമെത്തി. സിനിമാട്ടോഗ്രാഫർ നീരജ്, പി.ജി കഴിഞ്ഞ നിലീന എന്നിവരാണ് മക്കൾ.

വീടിന് ചുറ്റും പച്ചപ്പേകി മരങ്ങൾ, ചെടികൾ, അലങ്കാര വാഴകൾ, പഞ്ചവർണ മുളക്, വിവിധയിനം പപ്പായ എന്നിവയെല്ലാമുണ്ട്. 18 വർഷം കഴിഞ്ഞെങ്കിലും വീടിന്റെ കരുത്തിന് കുറവൊന്നുമുണ്ടായിട്ടില്ല. അതിനിടെ തന്റെ മാതൃകയിൽ രണ്ട് ബന്ധുക്കൾക്കും രവി മൺവീട് നിർമ്മിച്ച് നൽകി.

കൃഷി തന്നെ രവിക്ക് ജീവിതം

1. വിവിധയിനം പച്ചക്കറിക്കൃഷിക്കൊപ്പം തൈ വളർത്തലും

2. പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് അ‌ഞ്ച് ലക്ഷം പച്ചക്കറിത്തൈ

3. കൃഷി ഭവനിലൂടെയും നേരിട്ടും കർഷകരിലെത്തിക്കും

4. ഒരു വർഷത്തെ ലാഭം രണ്ട് ലക്ഷം രൂപ

5. അപൂർവ വിത്തുകൾ ശേഖരിച്ച് തൈ വില്പന

'പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് ഇഷ്ടം. മൺവീട്ടിൽ താമസമാക്കിയ ശേഷം പനിയോ ജലദോഷമോ വന്നിട്ടില്ല. കൃഷിയിൽ നിന്ന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്".

- രവി