
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ ,ബിരുദാനന്തര കോഴ്സുകൾക്ക് അനുമതി നൽകുന്നതിന് മുന്നോടിയായി യു.ജി.സി വിദഗ്ദ്ധ സംഘം യോഗ്യതാ പരിശോധനയ്ക്ക് ആഗസ്റ്റ് പകുതിയോടെയെത്തും. റിപ്പോർട്ട് അനുകൂലമായാൽ സെപ്തംബറിൽ അദ്ധ്യയനം ആരംഭിക്കാനായേക്കും.
അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിവരങ്ങൾ, പഠനസാമഗ്രികളുടെ സാമ്പിൾ, ഓരോ കോഴ്സിന്റെയും പ്രോജക്ട് സഹിതമുള്ള അപേക്ഷയാണ് സർവകലാശാല യു.ജി.സിക്ക് നൽകിയിട്ടുള്ളത്. ഡിസംബർ- ജനുവരി, ജൂലായ്- ആഗസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് വിദൂര കോഴ്സുകളുടെ അക്കാഡമിക് വർഷം ആരംഭിക്കുന്നത്. ജൂലായ്- ആഗസ്റ്റ് അദ്ധ്യയന വർഷം ഇത്തവണ സെപ്തംബറിലേക്ക് നീട്ടിയിട്ടുണ്ട്. 12 ബിരുദ, 5 ബിരുദാനന്തര കോഴ്സുകൾക്കുള്ള അപേക്ഷയാണ് യു.ജി.സിക്ക് നൽകിയിട്ടുള്ളത്.
ഇവിടെയില്ലാത്ത വിദൂര
കോഴ്സുകൾ പ്രതിസന്ധിയിൽ
ഓപ്പൺ സർവകലാശാലയിൽ ഈ അദ്ധ്യയന വർഷം കോഴ്സുകൾ ആരംഭിക്കുന്ന പക്ഷം, മറ്റ് സർവകലാശാലകൾ നടത്തിവരുന്ന നാല് ബിരുദ കോഴ്സുകളും എം.എസ്‌സി മാത് സ് അടക്കം എട്ട് ബിരുദാനന്തര ബിരുദ കോഴ്സുകളും ഇല്ലാതാകും. ഓപ്പൺ സർവകലാശാലയിൽ ഇല്ലാത്ത മറ്റ് കോഴ്സുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ലേണിംഗ് സെന്ററുകളായി തിരഞ്ഞെടുക്കുന്ന വിവിധ കോളേജുകളിലെ ലാബ് സൗകര്യവും പ്രയോജനപ്പെടുത്തി സയൻസ് അടക്കം 19 ബിരുദ കോഴ്സുകൾക്കും, 4 ബിരുദാനന്തര കോഴ്സുകൾക്കുമുള്ള തയ്യാറെടുപ്പ് ഓപ്പൺ സർവകലാശാല തുടങ്ങിയെങ്കിലും ഒരുമിച്ച് അനുമതി ലഭിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ നിറുത്തിവച്ചു.
യു.ജി കോഴ്സുകൾ
ബി.എ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ഇക്ണോമിക്സ്, ഫിലോസഫി വിത്ത് ശ്രീനാരായണ സ്റ്റഡീസ്, ബി.കോം, ബി.ബി.എ, ബി.സി.എ
പി.ജി കോഴ്സുകൾ
എം.കോം, എം.എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി
ഇല്ലാതാകുന്ന
കോഴ്സുകൾ
പി.ജി: ഫിലോസഫി, സംസ്കൃതം, അറബിക്, പൊളിറ്റിക്സ്, ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, മാത് സ്
യു.ജി: പൊളിറ്റിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, ബികോം അഡീഷണൽ ഇലക്ടീവ് കോപ്പറേഷൻ