കടയ്ക്കൽ : ജില്ലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം കടയ്ക്കൽ സർവീസ് സഹകരണബാങ്കിന്. കാർഷിക മേഖല മുതൽ ആതുര മേഖല വരെ നടത്തുന്ന സമഗ്ര ഇടപെടലുകളാണ് ബാങ്കിനെ ഒന്നാമതെത്തിച്ചത്. കടയ്ക്കൽ , കുമ്മിൾ പഞ്ചായത്തുകളെ തരിശുരഹിതമാക്കുകയെന്ന ലക്ഷ്യവുമായി നടപ്പിലാക്കി വരുന്ന കനക കതിർ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് കർഷകർക്ക് ഉഴവുകൂലിയായും മറ്റും നൽകുന്നത്. കനിവ് ചികിത്സാ ധനസഹായ പദ്ധതി, വിഷരഹിത പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി നടപ്പിലാക്കുന്ന നാട്ടു പച്ച, ക്ഷീര കർഷകരുടെ ക്ഷേമവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ക്ഷീരസാഗരം, അംഗങ്ങളുടെ മരണാനന്തര ചെലവുകൾക്കായുള്ള സാന്ത്വനം, കുറഞ്ഞ വിലയിൽ കമ്പ്യൂട്ടറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്ന ഗൃഹോ പകരണ വിൽപ്പനശാല ഗൃഹലക്ഷ്മി ഷോറൂം,വളം ഡിപ്പോകൾ, നീതി മെഡിക്കൽസ്,ഇ-സേവന കേന്ദ്രം, വിദ്യാഭ്യാസ അവാർഡുകളും സ്കോളർഷിപ്പുകളും സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ തുടങ്ങി ബാങ്കിന്റെ ശ്രദ്ധയും സാന്നിദ്ധ്യവുമെത്താത്ത മേഖലകൾ വിരളമാണ് . ആതുരസേവന മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കുറഞ്ഞ ചെലവിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് പ്രാഥമിക ഘട്ടത്തിൽ 52 കോടി രൂപ മുതൽ മുടക്കിൽ യാഥാർത്ഥ്യമാക്കുന്ന കടയ്ക്കൽഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (കിംസാറ്റ്) മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണ പൂർത്തീകരണ ഘട്ടത്തിലാണ്.