ഓച്ചിറ : തീരദേശ റോഡുകൾക്ക് നല്ലകാലം വരുന്നു. ഓച്ചിറ - ആയിരംതെങ്ങ് - അഴീക്കൽ- വെള്ളനാതുരത്ത് -കരുനാഗപ്പള്ളി റോഡിന് സി. ആർ. ഐ. എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 22.5 കോടി രൂപ അനുവദിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. 13 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലായിരിക്കും നിർമ്മിക്കുക. ഏറെക്കാലം റോഡ് സുരക്ഷിതമായി നിലനിൽക്കും എന്നതാണ് പ്രത്യേകത .
റോഡിന്റെ ദയനീയാവസ്ഥ വാർത്തയായി
ഓച്ചിറ - ആയിരംതെങ്ങ് റോഡിന്റെ ദയനീയാവസ്ഥ വിശദീകരിച്ച് ജനുവരി 30 ന് കേരളകൗമുദിയിൽ "കുണ്ടും കുഴിയും താണ്ടാൻ സ്റ്റെപ്പിനി കരുതണം "എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു.
ദേശീയപാതയിൽ നിന്ന് ഓച്ചിറ വഴി അഴീക്കൽ ഹാർബർ, ദക്ഷിണേന്ത്യയിലെ ഏറ്റവം നീളം കൂടിയ വലിയഴീക്കൽ പാലം,ലൈറ്റ് ഹൈസ്, അമൃതാനന്ദമയി മഠം, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്.
നിലവിലുള്ള റോഡിന് ഉൾക്കൊള്ളാവുന്നതിലും കൂടുതൽ വാഹനങ്ങളാണ് അവധി ദിവസങ്ങളിൽ അഴീക്കൽ ബീച്ചിൽ എത്തുന്നത്. ഉന്നത നിലവാരത്തിൽ റോഡ് പുനർനിർമ്മിക്കുന്നത് അഴീക്കൽ ബീച്ചിന്റെ വികസനത്തിന് സഹായകരമാകും.
ആർ.ബേബി,
മുൻ ഗ്രാമ പഞ്ചായത്തംഗം, ആലപ്പാട്
2019 -20 ലാണ് അവസാനമായി കേരളത്തിൽ സി. ആർ. ഐ. എഫ് ഫണ്ട് ലഭിച്ചത്. പ്രളയ സമയത്ത് അധികം തുക അനുവദിച്ചെന്ന കാരണത്താൽ മുൻ വർഷങ്ങളിൽ ഫണ്ട് അനുവദിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ 71 പ്രവർത്തികൾക്കായി 1371.80 കോടി രൂപയുടെ പ്രൊപ്പോസലാണ് സമർപ്പിച്ചിരുന്നത്. എന്നാൽ 30 പ്രവർത്തികളുടെ നിർമ്മാണത്തിനായി 506.14 കോടി രൂപയാണ് അനുവദിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലും ചാത്തന്നൂരും മാത്രമാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
സി.ആർ.മഹേഷ് എം.എൽ. എ.