
കൊല്ലം: കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ജി.കെ. ശശിധരന്റെ ഭാര്യ രുഗ്മിണിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുക്കുമെന്ന നഗരസഭാ അധികൃതരിൽ ചിലരുടെ ദുർവാശി നടപ്പാക്കാൻ 15 ലക്ഷത്തിന് പകരം നാലരക്കോടി ചെലവിടാൻ കോർപ്പറേഷന്റെ നീക്കം.
ആശ്രാമം കാവടിപ്പുറത്ത് ഫ്ലാറ്റിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓട നിർമ്മാണത്തിനാണ് ദുർവാശിയുടെ പേരിൽ നാലരക്കോടി ചെലവിടാൻ ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച് കോർപ്പറേഷൻ ശ്രമിക്കുന്നത്. കാവിന്റെ ഭാഗമായുള്ള കുളം നികത്തി ഫ്ലാറ്ര് നിർമ്മിച്ചതോടെയാണ് കാവടിപ്പുറത്ത് വെള്ളക്കെട്ട് രൂക്ഷമായത്. ഫ്ലാറ്റിലെ മാലിന്യം രുഗ്മിണിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയിലൂടെ അഷ്ടമുടിക്കായലിലേക്ക് ഒഴുക്കാൻ വർഷങ്ങളായി ശ്രമം നടക്കുകയാണ്. ഇതിനിടെ, സ്വകാര്യ ഭൂമിയിലൂടെ കായലിൽ മാലിന്യം തള്ളുന്നത് മലിനീകരണ നിയന്ത്രണ ബോർഡും കൊല്ലം ആർ.ഡി.ഒയും തടഞ്ഞു. ഇതിനെതിരെ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡിന്റെ വക്കിലൂടെ പുതിയ ഓട നിർമ്മിച്ച് 150 മീറ്റർ അകലെയുള്ള ഓടയിൽ ബന്ധിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പിലാക്കാതെയാണ് വ്യക്തിവിരോധത്തിന്റെ പേരിൽ അധികാരം ഉപയോഗിച്ച് രുഗ്മിണിയുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നത്.
എം.പി ഫണ്ടിനോട് വിമുഖത
ഹൈക്കോടതി ഉത്തരവ് പോലെ റോഡിന്റെ വശത്ത് കൂടി ഓട നിർമ്മിക്കാൻ നഗരസഭയ്ക്ക് നിലവിലെ സാഹചര്യത്തിൽ നയാപൈസ പോലും ചെലവാകില്ല. ഹൈക്കോടതി നിർദ്ദേശം പോലെ ഓട നിർമ്മിക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി പണം അനുവദിച്ചിട്ടുണ്ട്. ഇത് വിനിയോഗിക്കാൻ തയ്യാറാകാതെയാണ് രുഗ്മിണിയുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. രണ്ടര മീറ്റർ വീതിയിൽ രുഗ്മിണിയുടെ ഭൂമിയിലൂടെ ഓട നിർമ്മിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതിനായി 11.12 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള തുക നഗരസഭയുടെ തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ ചെലവഴിക്കാനാണ് തീരുമാനം. പ്രദേശത്ത് ഇപ്പോൾ ഒരു സെന്റിന് പത്ത് ലക്ഷം രൂപ വിലയുണ്ട്. ഭൂമി ഏറ്റെടുക്കൽ ചട്ടങ്ങൾ പ്രകാരം ഇതിന്റെ രണ്ടിരട്ടിയിലേറെ നഷ്ടപരിഹാരമായി നൽകേണ്ടി വരും. റോഡിന്റെ വശത്ത് കൂടി ഓട നിർമ്മിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കളക്ടറോട് മറച്ചുവച്ചാണ് സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്.
അടിമുടി പൊരുത്തക്കേട്
രണ്ടര മീറ്റർ ഏറ്റെടുത്താൽ രുഗ്മിണിയുടെ വീട്ടിലേക്ക് പോകാൻ ഇരുചക്ര വാഹനം കടന്നുപോകാൻ പോലും വഴിയില്ലാത്ത സ്ഥിതിയാകും. ഭൂമി ഏറ്റെടുക്കാൻ കോർപ്പറേഷൻ നടത്തുന്ന നടപടികളിൽ അടിമുടി പൊരുത്തക്കേടുകളുമുണ്ട്. ഭൂഉടമയായ രുഗ്മിണിക്ക് പകരം ജി.കെ. ശശിധരനാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ തീരുമാനത്തിൽ ഭൂഉടമയുമായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല.