ശാസ്താംകോട്ട: ചക്കുവള്ളി ചിറ കേന്ദ്രീകരിച്ച് വിപുലമായ ടൂറിസം പദ്ധതി അവിഷ്കരിക്കണമെന്ന് സി.പി.ഐ ശൂരനാട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പള്ളിക്കാറിന് കുറുകെ ശൂരനാട് വടക്ക് പാതിരിക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണം,സ്ത്രീ സുരക്ഷയ്ക്കു വേണ്ടി അതിവേഗ കോടതികൾ സ്ഥാപിക്കണം, ശൂരനാട് പൊയ്ക രക്ത സാക്ഷി കേന്ദ്രത്തിൽ സർക്കാർ ഉടമസ്ഥതയിൽ കേരളത്തിലെ കർഷക സമര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണം, ശൂരനാട് വടക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം ജെ.

ചിഞ്ചു റാണി, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, ആർ.വിജയകുമാർ ,കെ.ശിവശങ്കരൻ നായർ, ആർ. ലതാദേവി, ആർ. രാമചന്ദ്രൻ, ആർ.സജിലാൽ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ചർച്ചയ്ക്ക് മണ്ഡലം സെക്രട്ടറി ആർ.എസ്.അനിൽ മറുപടി പറഞ്ഞു. ക്രഡൻഷ്യൽ റിപ്പോർട്ട് സി.മോഹനനും പ്രമേയങ്ങൾ കെ.സി. സുഭദ്രാമ്മയും അവതരിപ്പിച്ചു. 31 അംഗ പുതിയ മണ്ഡലം കമ്മിറ്റിയെയും സെക്രട്ടറിയായി എസ്.അജയഘോഷിനെയും തിരത്തെടുത്തു. എം. വിജയകൃഷ്ണൻ നന്ദി പറഞ്ഞു.