പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്തിന്റെ നെല്ലറയായ വെൺകുളം ഏലാ വികസന കുതിപ്പിലേക്ക്. ഏക്കറുകളോളം പരന്നുകിടക്കുന്ന പടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 8 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായി ആർ.ഐ.ഡി.എഫിന്റെയും നബാഡിന്റെയും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഏല സന്ദർശിച്ച് പഞ്ചായത്ത് ജനപ്രതിനിധികൾ,കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവരുമായി ചർച്ച നടത്തി.അടിയന്തര പ്രാധാന്യം നൽകി വികസന പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസംഘം അറിയിച്ചു.വെൺകുളം ഏലാ റോഡ് കോൺക്രീറ്റ് ചെയ്ത് സൈഡ് കെട്ടി നവീകരിക്കാനും 11സ്ഥലങ്ങളിൽ തടയണയും റാമ്പ് നിർമ്മിച്ച് ട്രാക്ടർ ഇറങ്ങാൻ സൗകര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കടുവിങ്കൽ റോഡിൽ നിന്നും ആരംഭിച്ച് പള്ളിക്കൽ ആറ്റിൽ അവസാനിക്കുന്ന 4 കിലോമീറ്റർ നീളത്തിലുള്ള വെൺകുളം ഏലാ തോട് പ്രധാന ജലസേചന മാർഗ്ഗമാണ്.ഇതിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു റോഡിന്റെ ആഴം കുറഞ്ഞതും കൃത്യമായി തടയണകൾ ഇല്ലാത്തതും പാടത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു.മഴകാലത്ത് വെൺകുളം ഏലാ തോട് കരകവിഞ്ഞു ഒഴുകുന്നതും ബണ്ട് പൊട്ടുന്നതുമൂലവും വലിയ കൃഷി നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ കർഷകർ 3 തവണ വിത്ത് വിതച്ചെങ്കിലും വിളനാശം മൂലം 10 ഹെക്ടറിലായി കൃഷി ചുരുങ്ങി.ഈയൊരു സാഹചര്യത്തിലാണ് പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണാസമിതി വെൺകുളം ഏലായുടെ സംരക്ഷണത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിന്നും ഫണ്ട്‌ അനുവദിക്കണമെന്ന് നിവേദനം നൽകിയത്.പോരുവഴി ഗ്രാമപഞ്ചായത്ത് നൽകിയ നിവേദനം അടിയന്തിര നടപടികൾക്കായി നബാർഡ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 8 കോടി രൂപയുടെ ഫണ്ട്‌ അനുവദിച്ചത്.