കടയ്ക്കൽ: കടയ്ക്കൽ സംബ്രമത്ത് പിതാവിന്റെ സഹോദരന്റെ ഭാര്യയെ വീട്ടിൽ കയറി ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കടയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അമാനുള്ളനെ (24) കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനാൽ വിട്ടയച്ചു . കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2021 മാർച്ച് 3 നാണു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതി ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതി നിരപരാധിയാണെന്നും പ്രതിക്കെതിരെ പൊലീസ് ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്നുമുള്ള വാദം അംഗീകരിച്ചാണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.സന്ദീപ്കൃഷ്ണ പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി അഡ്വ. സി.സച്ചിൻ ഹാജരായി.