കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് കർക്കടക വാവ് പിതൃതർപ്പണകർമ്മങ്ങൾ 27നും 28നും തന്ത്റി തടത്തിൽ മഠം

ടി.കെ.ചന്ദ്രശേഖരൻ സ്വാമിയുടെയും വിവിധ ശാന്തിമാരുടെയും കാർമ്മികത്വത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പിതൃതർപ്പണകർമ്മങ്ങൾ 28 ന് പുലർച്ചെ 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും. 'പിതൃക്കളെ സ്മരിച്ച് വൃക്ഷ തൈ നടൂ' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി വനം വകുപ്പിന്റെ 25,000 വൃക്ഷ തൈകൾ സൗജന്യമായി ശ്രീനാരായണ ഗുരുദേവ മന്ദിരത്തിൽ നിന്ന് വിതരണം ചെയ്യും. തുമ്പറ മഹാദേവീക്ഷേത്രം ട്രസ്റ്റ് സൗജന്യ ആയുർവേദ ഔഷധകാപ്പി വിതരണം ചെയ്യും.

27ന് വൈകിട്ട് പാപനാശനം ഗുരുദേവ മന്ദിരത്തിൽ എസ്.എൻ.ഡി.പി യോഗം വനിത സംഘത്തിന്റെ പ്രാർത്ഥനയും തുടർന്ന് വൃക്ഷതൈ വിതരണവും ഉദ്ഘാടനവും കലാപരിപാടികളും നടക്കും. യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്​റ്റ്, കൗൺസിലർമാരായ കുരുവിള ജോസഫ്, സജീവ് സോമൻ, ഗുരുദേവ മന്ദിരം രക്ഷാധികാരികളായ എൽ.പ്രകാശ്, കൊച്ചുണ്ണി, എസ്.എൻ.ഡി.പി യോഗം സെക്രട്ടറിമാരായ മുണ്ടയ്ക്കൽ രാജീവൻ, മുരുകരാജ്, വനിതസംഘം പ്രതിനിധി ബിന്ദു, എൻ.എസ്.എസ് കരയോഗ പ്രതിനിധി രാജശേഖരൻനായർ, തുമ്പറ ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികളായ ജയചന്ദ്രൻ, അഡ്വ.കെ.ടി.അനിൽരാജ്, ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ സനിൽ വെള്ളിമൺ, പാപനാശനം ഗുരുദേവ മന്ദിരം ഭാരവാഹികളായ വിനോദ്, സുനിൽ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഗുരുദേവമന്ദിരം രക്ഷാധികാരികളായ എൽ. പ്രകാശ്, കൊച്ചുണ്ണി എന്നിവർ പങ്കെടുത്തു.