കൊല്ലം: അപകടങ്ങൾ തുടർക്കഥ, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്, മത്സരയോട്ടം, നടുറോഡിൽ ഗുണ്ടായിസം, കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിടൽ ഇത്തരത്തിൽ നിരവധി 'രീതി'കളുണ്ട് നഗരത്തിലെ സ്വകാര്യബസുകൾക്ക്. മറ്റ് വാഹനങ്ങളെ കടത്തിവിടാതെ റോഡിന്റെ ഒത്തനടുക്ക് നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും സ്വകാര്യന്മാരുടെ പതിവുരീതിയാണ്. എന്നാൽ, ഇപ്പോഴത് അപകടകരമായ രീതിയിലേക്ക് മാറിയിരിക്കുകയാണ് ചില ഡ്രൈവർമാർ. വീതിയുള്ള റോഡായാലും ബസ് ബേയുള്ള സ്റ്റോപ്പുകളായാലും റോഡിൽ തന്നെ നിറുത്തി ഗതാഗത കുരുക്കുണ്ടാക്കുന്നത് ഇവർക്ക് ഹരമാണ്. പ്രത്യേകിച്ച്, തിരക്കുള്ള സമയങ്ങളിൽ. ഇന്നലെ രാവിലെ 10.30ന് കടപ്പാക്കട ജംഗ്‌ഷൻ വഴി കടന്നുപോയ സ്വകാര്യബസ് സിഗ്നൽ മറികടക്കുന്നതിനായി സ്റ്റോപ്പിൽ നിറുത്താതെ അമിതവേഗത്തിൽ കടന്നുപോയത് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ്. കാൽനട യാത്രക്കാർക്ക് പോലും ഭീഷണിയായി നഗരത്തിൽ ചില സ്വകാര്യബസുകൾ സർവീസ് നടത്തിയിട്ടും തടയിടാൻ ട്രാഫിക് പൊലീസോ മോട്ടോർ വാഹാനവകുപ്പ് അധികൃതരോ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കണ്ണടച്ചത് മുതലെടുക്കുന്നു
കൊവിഡ് പശ്ചാത്തലത്തിൽ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായത് പരിഗണിച്ച് നിസാര നിയമ ലംഘനങ്ങളൊക്കെ അധികൃതർ കണ്ണടച്ചുകൊടുത്തിരുന്നു. സർവീസ് മുടക്കവും ട്രിപ്പുകൾ മുടക്കുന്നതും ഗതാഗത നിയമ ലംഘനവുമൊക്കെ അധികൃതർ കണ്ടില്ലെന്ന് നടിച്ചു. എന്നാൽ, ഈ സാഹചര്യം മുതലെടുക്കുകയാണ് ഒരു കൂട്ടരെന്ന് മോട്ടോർവാഹനവകുപ്പും ശരിവയ്ക്കുന്നു. നഗരത്തിൽ അഭ്യാസ പ്രകടനവും അമിതവേഗതയും സ്റ്റോപ്പുകളിൽ നിറുത്താതെയുള്ള പാച്ചിലുമെല്ലാം പരാതിയായി ലഭിക്കുന്നുണ്ട്. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ ഇവർക്ക് തടയിടാൻ കഴിയൂവെന്നത് അധികൃതരും മറക്കുകയാണ്.
അവഗണന, അതിക്രമം
റോഡിന്റെ നടുക്ക് നിറുത്തി യാത്രക്കാരെ കയറ്റൽ
മറ്റുള്ള വാഹങ്ങൾക്ക് പരിഗണന നൽകാതിരിക്കൽ
ഫുട്‍ബോർഡ് വാതിലുകൾ തുറന്നിട്ടുള്ള സർവീസ്
ഡ്രൈവർ കാബിൻ അടച്ചിടാതിരിക്കൽ
ബുൾബാറുകൾ, തീവ്ര ലൈറ്റുകൾ എന്നിവയുടെ ഉപയോഗം
വിദ്യാർത്ഥികൾ, വയോധികർ എന്നിവരോട് അവഗണന
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്
സിഗ്നൽ മറികടക്കൽ, മനപൂർവ്വമായ സമയം വൈകിപ്പിക്കൽ
റോഡിന്റെ അവകാശികളാണെന്ന രീതിയിലുള്ള ഡ്രൈവിംഗ്
ചോദ്യം ചെയ്യുന്നവർക്ക് നേരെ ഗുണ്ടായിസം, കൈയേറ്റം