കിഫ്ബിയിൽ നിന്ന് 81 കോടി
11കി.മീ. ദൂരം
9 മീറ്റർ വീതി
അഞ്ചൽ: അഞ്ചൽ - ആയൂർ റോഡ് നിർമ്മാണം ഒച്ചിഴയും വേഗത്തിൽ. ആരംഭിച്ചിട്ട് രണ്ട് വർഷമായെങ്കിലും നാളിതുവരെ പതിനഞ്ച് ശതമാനം പണി പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ സ്ഥലം എം.എൽ.എ കൂടിയായിരുന്ന മന്ത്രി കെ. രാജു മുൻകയ്യെടുത്താണ് റോഡ് നിർമ്മാണം ആരംഭിച്ചത്. കിഫ്ബിയിൽ നിന്ന് 81 കോടിയോളം രൂപയാണ് അനുവദിച്ചത്. രണ്ട് വർഷത്തിനകം പണി പൂർത്തിയാക്കണമെന്നാണ് കരാറിൽ പറയുന്നത്. 11കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കേണ്ടത്. 9 മീറ്റർ വീതിയും. കൂടാതെ ഇരുവശക്കും കാൽനടപ്പാതകളും നിർമ്മിക്കണമെന്നും കരാറിൽ ഉണ്ട്.
കാൽനടയാത്രപോലും വയ്യ
കിഴക്കൻ മേഖലയിലേക്കുള്ള ഏക വഴിയാണിത്. നിർമ്മാണത്തിന്റെ ഭാഗമായി മിക്കസ്ഥലങ്ങളിലും കുഴിച്ചിട്ടിരിക്കുകയാണ്. അതുകൊണുതന്നെ അപകടങ്ങളും പതിവാണ്. ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ മണിക്കൂറുകളോളം കാത്ത് കിടക്കണം. നിർമ്മാണ സാമഗ്രികളെല്ലാം റോഡിന്റെ ഇരുവശങ്ങളിലും തള്ളിയിരിക്കുകയാണ്. ഈ റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും പോകാൻ പറ്റാതായി. നിർമ്മാണ ഘട്ടത്തിൽ തന്നെ ഓട നിർമ്മാണവും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായി. കരാറുകാരും ചില ഉദ്യോഗസ്ഥരും സ്ഥലമെടുപ്പിലും മറ്റും പക്ഷപാതം കാണിച്ചതായി പരാതി ഉയർന്നിരുന്നു.
തടസവാദങ്ങളുമായി കരാറുകാർ
റോഡ് നിർമ്മാണം വൈകുന്നെന്ന പരാതി വ്യാപകമായതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദർശിച്ച് നിർമ്മാണം ത്വരിതഗതിയിലാക്കണമെന്ന് കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സാങ്കേതികത്വം പറഞ്ഞ് കരാറുകാർ നിർമ്മാണം നീട്ടിക്കൊണ്ടുപോകുകയാണ്. റോഡുവക്കിലെ മരങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റുന്നില്ലെന്നും വാട്ടർ അതോറിട്ടി അധികൃതർ സഹകരിക്കുന്നില്ലെന്നും കരാറുകാർ തടസവാദങ്ങളുന്നയിക്കുന്നുണ്ട്.
റോഡിന്റെ ദുരവസ്ഥ കാരണം അപകടങ്ങൾ പതിവാണ്. നിർമ്മാണം തുടങ്ങി രണ്ട് വർഷമായിട്ടും യാതൊരു പുരോഗതിയും ഇല്ല. ഓടനിർമ്മാണവും പാതിവഴിയിലാണ്. ആയൂർ-അഞ്ചൽ പ്രദേശങ്ങളിലെ സ്കൂളുകളിൽ കുട്ടികൾക്ക് നടന്ന് വരാൻ പോലും കഴിയാത്ത സ്ഥിതിയാണ്. നിർമ്മാണം വേഗത്തിലാക്കാൻ അധികൃതർ നടപടിയെടുക്കണം.
ബി. മുരളി (പി.ടി.എ പ്രസിഡന്റ്. ഗവ. ജവഹർ എച്ച്.എസ്.എസ്ആയൂർ)
റോഡ് നിർമ്മാണത്തിൽ അലംഭാവം കാട്ടുന്ന കരാറുകാർ ഉൾപ്പടെയുളളവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. നിർമ്മാണ സാമഗ്രികളെല്ലാം റോഡ് വശങ്ങളിൽ ഇട്ടിരിക്കുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട്. അഞ്ചൽ കുരിശിൻ മൂടിന് സമീപം റോഡിനായി നിർമ്മിച്ച ഓടകൾ റോഡരികിൽ തള്ളിയതിനാൽ ഒരു പ്രദേശത്തേയ്ക്കുള്ള വഴി തന്നെ തടസപ്പെട്ടിരിക്കുകയാണ്.
ആയൂർ ഗോപിനാഥ് (യൂണിയൻ പ്രതിനിധി, എസ്.എൻ.ഡി.പി യോഗം ആയൂർ ശാഖ)