rms-
എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലം ആർ.എം.എസ് സന്ദർശിച്ചപ്പോൾ

കൊല്ലം: ദേശീയതലത്തിൽ പോസ്റ്റൽ മേഖലയിൽ വരുത്തുന്ന ഭരണപരിഷ്കാര നയത്തിന്റെ ഭാഗമായി കൊല്ലം ആർ.എം.എസ് നിർത്തലാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷണവിന് കത്ത് നൽകി.

കൊല്ലത്തെ തപാൽ വിതരണം കാര്യക്ഷമമായും വേഗതയിലും നടത്തുന്നതിന് ആർ.എം.എസിന്റെ പ്രവർത്തനം അനിവാര്യമാണ്. സ്പീഡ് പോസ്റ്റിന് രജിസ്റ്റേഡ് പോസ്റ്റിനെക്കാൻ കൂടുതൽ തുകയാണ് പോസ്റ്റൽ വകുപ്പ് ഈടാക്കുന്നത്. പുതിയ പരിഷ്കാരം നിലവിൽ വന്നാൽ സ്പീഡ് പോസ്റ്റിനും രജിസ്റ്റേഡ് പോസറ്റിന്റെ വേഗതയെ ഉണ്ടാകുകയുളളു. ഇത് പോസ്റ്റൽ മേഖലയ്ക്ക് ദോഷകരവും സ്വകാര്യ കൊറിയർ സർവ്വീസുകാർക്ക് ഗുണപ്രദവുമാണ്. കൊല്ലത്തെ 120 ഓളം പോസ്റ്റാഫീസുകളും അതിന് കീഴിൽവരുന്ന ബ്രാഞ്ച് ഓഫീസുകളുടെയും തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്ന ആർ.എം.എസ് എൽ വൺ നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് വേണ്ടത്. കൊല്ലത്തെ തപാൽ വിതരണം കൂടുതൽ വേഗത്തിലാക്കാൻ ഐ.സി.എച്ച് (ഇൻട്രാ സർക്കിൾ ഹബ്) ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.കെ.പ്രേമചന്ദ്രൻ ആർ.എം.എസ് സന്ദർശിക്കുകയും സ്ഥലസൗകര്യത്തിന്റെ കുറവ് നേരിൽ മനസിലാക്കുകയും ചെയ്തു. കൊല്ലം റയിൽവേ സ്റ്റേഷനിൽ അന്താരാഷ്ട്ര നിലവാരത്തിലുളള കെട്ടിട സമുച്ചയം നിർമ്മിക്കുമ്പോൾ ആർ.എം.എസിന്റെ പ്രവർത്തനത്തിനായി സൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.