കൊല്ലം: കൊറ്റംകുളങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ദിവസം നടന്ന സംഘർഷത്തിൽ എസ്.ഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഘത്തിലെ ഒരാളെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ പട്ടത്താനം കൊച്ചുവീട്ടിൽ മനോജ് (34) ആണ് പിടിയിലായത്. 21ന് വൈകിട്ട് കൊറ്റംകുളങ്ങര കുഞ്ഞാലുംമൂട് ജംഗ്ഷനിൽ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കേറ്റവും സംഘർഷവുമുണ്ടായി. സ്ഥലത്തെത്തിയ ചവറ സ്റ്റേഷനിലെ എസ്.ഐ നൗഫലും സംഘവും സംഘർഷാവസ്ഥ തടയാനുള്ള ശ്രമത്തിനിടെയാണ് ആക്രമിച്ചത്.
ചവറ പൊലീസ് ഇൻസ്‌പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നൗഫൽ, മദനൻ എ.എസ്.ഐ ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ അനു, മഞ്ജുലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.