കൊല്ലം : ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ ഡി.ഡി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനായി ജില്ലയിലെ നിരവധി സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ആർ.ടി.ഒയ്‌ക്കും ഡി.ഇ.ഒയ്‌ക്കും പരാതി നൽകി. സ്കൂൾ ബസ് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി സർക്കുലറുകൾ നിലനിൽക്കെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അദ്ധ്യാപക സംഘടനയുടെ പരിപാടിക്ക് ബസുകൾ കൊണ്ടുപോയതു വഴി ഉത്തരവാദിത്തപ്പെട്ട അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് നഗ്നമായ നിയമലംഘനമാണ്. കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫൈസൽ കുളപ്പാടം പരാതിയിൽ ആവശ്യപ്പെട്ടു.