eee

കൊല്ലം: ലൈംഗിക ഉത്തേജനം, ഗർഭച്ഛിദ്രം,​ നാർക്കോട്ടിക്,​ വൃക്കരോഗ മരുന്നുകൾ, കഫ്സിറപ്പ്, ആന്റിബയോട്ടിക്ക്, വേദനസംഹാരികൾ തുടങ്ങിയവയുടെ വില്പന സമാന്തര വിപണിയിൽ സജീവമാണ്.

ഇവയ്യ്ക്ക് ചുക്കാൻ പിടിക്കുന്നത് ഇ - ഫാർമസികളാണ്. ബിൽ ഇല്ലാതെ നൽകുന്ന ഔഷധങ്ങൾ സമാന്തര വിപണിയിലേക്കാണ് പോകുന്നത്. പല കമ്പനികളുടേതായി പ്രതിവർഷം ശരാശരി 70 ലക്ഷം രൂപയുടെ മരുന്നുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം വിലക്കാറുണ്ട്. ഇങ്ങനെ നിരോധിച്ച മരുന്നുകൾ കമ്പനികൾ തിരികെയെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ് നിബന്ധന. എന്നാൽ തിരിച്ചയയ്ക്കുന്നവ വീണ്ടും വിപണിയിലെത്തുന്നത് തടയാനോ തിരിച്ചറിയാനോ നിലവിൽ സംവിധാനങ്ങളില്ല. അനധികൃത ഓൺലൈൻ ഫാർമസികൾ ഇതിനായുള്ള ഒരു തുറന്ന സാദ്ധ്യതയാണ്.

ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നവരെ മൾട്ടിലെവൽ മാർക്കറ്റിംഗ് രീതിയിൽ (എം.എൽ.എം) ബന്ധപ്പെടുത്തി കച്ചവടം നടത്തുന്ന ഓൺലൈൻ സംവിധാനങ്ങളും നിലവിലുണ്ട്. ചില ഡോക്ടർമാരെ വശത്താക്കിയാണ് പ്രവർത്തനം.

രണ്ടുവർഷം മുമ്പ് തട്ടാമലയിൽ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം ഡോക്ടർമാരുടെ എതിർപ്പ് മൂലം നിറുത്തേണ്ടിവന്നിരുന്നു. രോഗികളുടെ അജ്ഞത മുതലെടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമേ ഇവർക്കുണ്ടായിരുന്നുള്ളൂ. പ്രവർത്തനം നിറുത്തിയെങ്കിലും ഓൺലൈനിൽ ഈ സ്ഥാപനം ഇപ്പോഴും എം.എൽ.എം രീതിയിൽ മരുന്ന് വിപണനം നടത്തുന്നുണ്ടെന്നാണ് സൂചന.

ഇ ​- ഫാർമസി ആധികാരികത ഉറപ്പാക്കാം

1. രജിസ്​റ്റർ ചെയ്ത ഇ - ഫാർമസി നമ്പർ www.pci.nic.in എന്ന സർക്കാർ വെബ്‌സൈ​റ്റിലൂടെ മനസിലാക്കാം. ബ്ളാക്ക് ലിസ്​റ്റ് ചെയ്യപ്പെട്ട വിവരങ്ങളും ലഭിക്കും
2. ഡോക്ടറുടെ കുറിപ്പടി അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഫാർമസികൾ വിശ്വസ്തത ഉള്ളവയാണ്
3. പരാതി കൂടുതലും റേറ്റിംഗ് കുറവുള്ള ഫാർമസികളെ ഒഴിവാക്കുക
4. ചോദ്യാവലി പൂരിപ്പിച്ച് രോഗനിർണയം നടത്തി മരുന്ന് സ്വീകരിക്കുന്ന രീതി സുരക്ഷിതമല്ല

5. ഡോക്ടറെ കണ്ട ശേഷം കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ ആവശ്യമെങ്കിൽ ഓൺലൈനായി വാങ്ങാം
6. ഡോക്ടറുടെ മേൽനോട്ടത്തിൽ ഓൺലൈൻ ഫാർമസികളിൽ നിന്ന് മരുന്ന് തിരഞ്ഞെടുക്കുക
7. ക്രെഡി​റ്റ് കാർഡ് നമ്പറും വിലാസവും ഫാർമസി സെ​റ്റുകളിൽ സേവ് ചെയ്യരുത്

ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ചോ സഹായത്തോടെയോ മരുന്നുകൾ വിലകുറച്ച് വാങ്ങാനുള്ള സൗകര്യം ഒരുക്കുന്ന ഇ ​- ഫാർമസികളുണ്ട്. എന്നാൽ മരുന്നിന്റെ ആധികാരികത ഉറപ്പാക്കാനാകില്ല.

ആരോഗ്യവിദഗ്ദ്ധർ