കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചാൽ കരുനാഗപ്പള്ളിയിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് ആശ്വാസമാകും. ഹൃദയ സംബന്ധമായ രോഗങ്ങളുമായി എത്തുന്നവർ പ്രാഥമികമായ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിടുകയാണ് പതിവ്. പാവപ്പെട്ടവരെ അത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നിലപാട് ലഭിച്ചിട്ടില്ല.
എക്കോ സംവിധാനം നിറുത്തിയിട്ട് മാസങ്ങൾ
കൊല്ലത്തിനും ആലപ്പുഴക്കും മദ്ധ്യേയുള്ള പ്രധാന ആശുപത്രിയാണിത്. ദിവസവും രണ്ടായിരത്തോളം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. മൂന്ന് രോഗികൾക്ക് കിടക്കാൻ കഴിയുന്ന ഐ.സി യൂണിറ്റാണ് നിലവിലുള്ളത്. സ്ഥലപരിമിതി മൂലം എക്കോ സംവിധാനം നിറുത്തിയിട്ട് മാസങ്ങളായി. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം രോഗികൾ പുറത്ത് നിന്ന് 1200 രൂപ നൽകിയാണ് എക്കോ എടുക്കുന്നത്. ഇത് സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്ക് താങ്ങാൻ കഴിയുന്നതല്ല.
63 കോടിയുടെ വികസനം
താലൂക്ക് ആശുപത്രിയിൽ 63 കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. പുതിയ കെട്ടിടത്തിൽ 10 രോഗികളെ കിടത്താനുള്ള ഐ.സി.യു വാർഡ് ഉണ്ട്. ഇതിനോട് ചേർന്ന് കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
നിലവിൽ 12 ഓളം സ്പെഷ്യലൈസ്ഡ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 24 ഡോക്ടർമാരും താത്ക്കാലിക ജീവനക്കാർ ഉൾപ്പെടെ 248 പേർ ജോലി ചെയ്യുന്നു.
താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ സ്ഥലപരിമിതി ഇല്ലാതാകും. കാർഡിയോളജി ഡോക്ടറെ ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഉടനെ ആരംഭിക്കണം.എസ്. പ്രവീൺകുമാർ, പൊതുപ്രവർത്തകൻ