കൊല്ലം: കരാറുകാർ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് 26ന് ഗവ. കരാറുകാരുടെ എകോപന സമിതിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സത്യഗ്രഹം നടത്തും.
രാവിലെ 10ന് വി. ജോയി എം.എൽ.എ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ജില്ലിയിൽ നിന്ന് എ.കെ.ജി.സി.എ സംസ്ഥാന സെക്രട്ടറി സുനിൽ ദത്ത് സത്യഗ്രഹത്തിൽ പങ്കെടുക്കും. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ എല്ലാ താലൂക്കിലും പ്രകടനവും ധർണയും നടക്കും. 27ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മാർച്ചിൽ ജില്ലയിൽ നിന്ന് 300 കരാറുകാർ പങ്കെടുക്കും. ക്വാറി ഉത്പന്നങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക, ടാറിന് അധികരിച്ച വില നൽകുക, ജി.എസ്.ടി വർദ്ധനവ് പിൻവലിക്കുക, അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾക്ക് ഇ- ടെണ്ടർ ഒഴിവാക്കുക, 2022ലെ ഷെഡ്യൂൾ റേറ്റ് നടപ്പാക്കുക, നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക, പൂർത്തിയായ പ്രവൃത്തികളുടെ ബിൽ വേഗം മാറുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി ദീലീപ് കുമാർ എന്നിവർ പറഞ്ഞു.