afsal

കുന്നത്തൂർ: ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മാരാരിത്തോട്ടം കോളകത്ത് ജംഗ്ഷന് സമീപം കളത്തിൽ വടക്കേതിൽ നിസാമിന്റെയും ഉസൈബയുടെയും മകൻ അഫ്സലാണ് (18) മരിച്ചത്.

ശൂരനാട് മണ്ണിട്ട ഡാമിന് സമീപം പള്ളിക്കലാറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. അഫ്സൽ ഉൾപ്പെടെ നാല് സുഹൃത്തുക്കളാണ് കുളിക്കാനിറങ്ങിയത്. കൂട്ടത്തിൽ ഒരാൾ ആറ്റിൽ മുങ്ങിത്താണതോടെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അഫ്സൽ അപകടത്തിൽപ്പെട്ടത്. സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. വിദ്യാർത്ഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കരുനാഗപ്പള്ളി ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘമെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൊല്ലത്ത് നിന്ന് സ്കൂബാ ടീം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കന്നേറ്റി മുസ്ലിം ജമാഅത്തിൽ കബറടക്കും. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അഫ്സൽ. സഹോദരി: അഹ്സാന.