photo

കൊല്ലം: ബോംബ് അടുത്ത് വീഴുന്നതും പൊട്ടിത്തെറിക്കുന്നതും മണിലാലിന്റെ മനസിനെ ഇപ്പോഴും നടുക്കുന്നുണ്ട്. പിന്നീട് ഒന്നും ഓർമ്മിയില്ല. മൂന്നാം ദിനം കണ്ണ് തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലായിരുന്നു. അപ്പോഴാണ് വലതുകാൽ നഷ്ടപ്പെട്ടെന്ന് അറിയുന്നത്.

പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ കാൽ തകർന്നത് അറിഞ്ഞപ്പോഴും രാജ്യത്തിനായി തനിക്ക് ഇനിയൊന്നും ചെയ്യാൻ കഴിയില്ലല്ലോയെന്ന സങ്കടമായിരുന്നു ആ ധീരനായ പട്ടാളക്കാരന്റെ മനസിൽ.

കൊട്ടാരക്കര താമരക്കുടി മിഥിലാപുരിയിൽ ബി.മണിലാലിന്റെ (50)

മനസിൽ ഇപ്പോഴും പഴയ പട്ടാളക്കാരന്റെ വീര്യമുണ്ട്. ഇല്ലാത്ത കാലിന്റെ ഊർജ്ജംകൂടി മനസിൽ ഏറ്റുവാങ്ങി ജീവിതത്തിൽ പോരാടുകയാണ് കാർഗിൽ യുദ്ധത്തിലെ ഈ ജീവിക്കുന്ന രക്തസാക്ഷി.

പട്ടാളക്കാരനാകാൻ കൊതിച്ച ബാല്യം...

ആരാകണമെന്ന് അദ്ധ്യാപകൻ ചോദിച്ചപ്പോൾ പട്ടാളക്കാരനാകണമെന്ന് ആവേശത്തോടെ പറഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു മണിലാലിന്. എസ്.എസ്.എൽ.സി പാസായശേഷം പത്തൊമ്പതാം വയസിലാണ് മണിലാൽ ശിപായിയായി പട്ടാളത്തിൽ പ്രവേശിച്ചത്. കഠിനമായ പരിശീലന മുറകളൊക്കെ ആവേശമായിത്തന്നെ ഉൾക്കൊണ്ടു. 1999 മേയ് 28ന് സുബേദാർ ബലിക്രിൻസിംഗിന്റെ നേതൃത്വത്തിൽ കാർഗിൽ മേഖലയിലേക്ക് പോയ പതിനഞ്ചംഗ പട്രോളിംഗ് സംഘത്തിൽ മണിലാലും ഉണ്ടായിരുന്നു. കാർഗിൽ മലയുടെ പകുതിയെത്തിയപ്പോഴാണ് പാകിസ്ഥാൻ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. തീവ്രവാദികളും ഒരു ഭാഗത്തുണ്ടായിരുന്നു. ഒരു ബോംബ് വീണ് പൊട്ടിത്തെറിച്ചത് തൊട്ടടുത്താണ്. സൈനിക സംഘത്തിലെ മൂന്ന് ഓഫീസർമാർ വീരമൃത്യുവരിച്ചു. മണിലാലിന്റെ ഒരു കാലിൽ വെടിയുണ്ട തുളച്ചുകയറുകയും മറ്റേ കാൽ ഷെല്ലാക്രമണത്തിൽ തകരുകയും ചെയ്തു. ജൂൺ 8ന് മണിലാലിന്റെ വലതുകാൽ മുറിച്ചുമാറ്റി.

വീര ജവാനായി നാട്ടിലേക്ക്

ഒരു കാലിന്റെ കുറവ് അറിയിക്കാതെ വീരപരിവേഷത്തിലാണ് മണിലാൽ പട്ടാള ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. നാടിന്റെ മുക്കിലും മൂലയിലും ആവേശകരമായ സ്വീകരണം. ഭാര്യ സുലോചനയ്ക്ക് കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ലഭിച്ചു. രാജ്യത്തിന് വേണ്ടി കാൽ സമർപ്പിച്ച മണിലാൽ പിന്നീട് മണ്ണിൽ പൊന്ന് വിളയിക്കാനിറങ്ങിയ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. പാടത്തും പുരയിടത്തിലും വെട്ടിക്കിളച്ച് കൃഷി ചെയ്തു. നാട്ടിലെ മികച്ച കർഷകനായി. പൊതുപ്രവർത്തന രംഗത്തും സജീവമായി. സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് മൈലം ഗ്രാമപഞ്ചായത്ത് അംഗമായി. കൃത്രിമ കാൽ വച്ചതോടെ നടത്തത്തിന് വലിയ ബുദ്ധിമുട്ടില്ല. മക്കളായ മിഥിലയും മിഥുനും അച്ഛന്റെ വീരകഥകൾ കേട്ട് ആവേശം കൊള്ളാറുണ്ട്.