ഓടനാവട്ടം: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി. എച്ച്. കാണാരന്റെ കൊച്ചുമകൾ പ്രിയയ്ക്ക് ആജീവനാന്ത അഭയകേന്ദ്രമായി. പ്രിയയ്ക്കും അതുപോലുള്ള സ്ത്രീകൾക്കും തണലൊരുക്കാൻ പ്രിയയുടെ മാതാപിതാക്കൾ സർക്കാരിന് സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ അഭയ കേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ 11 ന് മന്ത്രി കെ. എൻ. ബാലഗോപാലും മന്ത്രി ആർ. ബിന്ദുവും ചേർന്ന് കേന്ദ്രം നാടിന് സമർപ്പിക്കും.
കാണാരന്റെ മകൾ സരോജിനിയുടെയും വെളിയം കായിലായിൽ എൻ. കമലാസനന്റെയും ഏകമകളാണ് പ്രിയ . വയസ് 41. മാനസികവെല്ലുവിളി നേരിടുന്ന പ്രിയ കോഴിക്കോട് ഇരഞ്ഞിപ്പാലം സരോജ് വിഹാറിൽ റിട്ട. അദ്ധ്യാപകരായ മാതാപിതാകൾക്കൊപ്പമാണ് താമസം. തങ്ങളുടെ കാലശേഷം മകളെ ആര് സംരക്ഷിക്കും എന്ന മാതാപിതാക്കളുടെ ആശങ്കയ്ക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.
കേരളകൗമുദി വാർത്ത തുണയായി
വെളിയം കായിലായിലുള്ള 84 സെന്റ് വസ്തുവും വീടുമാണ് സർക്കാരിന് വിട്ടുനൽകിയത്. മാനസിക വൈകല്യമുള്ള 10 വനിതകൾക്ക് പുനരധിവാസ കേന്ദ്രമൊരുക്കാൻ സർക്കാർ അനുമതി നൽകി. സർക്കാർ അനുദിച്ച 29.5 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണവും നടത്തി. സ്ഥാപനത്തിന് പ്രിയാ ഹോം ഫോർ മെന്റലി ചലഞ്ച്ഡ് വുമൺ എന്ന് പേരും നൽകി. സ്ഥാപനത്തിന്റെ നടത്തിപ്പിനായി കമലാസനന്റെ നോമിനിയായി അനന്തരവനും കായില മുൻ വാർഡ് മെമ്പറുമായ കായില ഓമനക്കുട്ടനടക്കം ആറംഗകോ - ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
എന്നാൽ തുടർനടപടികളുണ്ടായില്ല.
തുടർന്ന് 2021ൽ 'സി. എച്ച്. കണാരന്റെ കൊച്ചുമകൾക്ക് അഭയമായില്ല, മാതാപിതാക്കൾ സങ്കടക്കടലിൽ " എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ സാമൂഹിക ക്ഷേമ വകുപ്പിന് സർക്കാർ അടിയന്തര നിർദേശം നൽകുകയും പുനരധിവാസകേന്ദ്രം ഒരുങ്ങുകയുമായിരുന്നു.
ഞങ്ങളുടെ കണ്ണടയും മുമ്പേ മകൾക്ക് അഭയ കേന്ദ്രമായതിൽ സന്തോഷിക്കുന്നു. ഒപ്പം അതുപോലെ രോഗം ബാധിച്ച പെൺകുട്ടികളെയും പാർപ്പിക്കണം. സഹായിച്ച കേരള കൗമുദിയോടും സർക്കാരിനോടും നന്ദി. 200 കിടക്കകളെങ്കിലുമുള്ള ഒരു ആരോഗ്യ കേന്ദ്രം കൂടി ഇവിടെ ആരംഭിക്കണം. അതിനുള്ള സൗകര്യം ഉണ്ട്.
എൻ. കമലസനൻ ( പ്രിയയുടെ പിതാവ് )
കേരളത്തിൽ ആദ്യമാണ് ഇത്തരമൊരു സ്ഥാപനം . അതിനായി മുൻകൈയ്യെടുത്ത എൻ. കമലസനൻ, മുഖ്യമന്ത്രി, മുൻ മന്ത്രി കെ. കെ. ശൈലജ, മുൻ എം.എൽ .എ ഐഷാ പോറ്റി, . മന്ത്രി കെ.എൻ.ബാലഗോപാൽ, .മന്ത്രി ആർ. ബിന്ദു, കേരള കൗമുദി, സാമൂഹിക വകുപ്പ് മേധാവികൾ എന്നിവരോടെല്ലാം നന്ദി അറിയിക്കുന്നു.
കായില ഓമനക്കുട്ടൻ
( മുൻ വാർഡ് മെമ്പർ )
കേന്ദ്രം മാനേജ്മെന്റ് നോമിനി