
പത്തനാപുരം: ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്. വിനോദ് കുമാറിനെ ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ പത്തനാപുരം പൊലീസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 19ന് പത്തനാപുരം ഏനാത്ത് റോഡിൽ ടെസ്റ്റ് നടക്കുന്ന വാഹനം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ പെൺകുട്ടിക്ക് നേരെ ലൈംഗികചുവയോടെ അതിക്രമം കാട്ടിയെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി, സ്ഥലം എം.എൽ.എ കെ.ബി. ഗണേശ് കുമാർ, പത്തനാപുരം പൊലീസ് എന്നിവർക്ക് പരാതി നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ഇവർ ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് റിപ്പോർട്ട് നൽകി. ഇന്നലെ പുലർച്ചെ വിനോദ്കുമാറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
പത്തനാപുരം പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയിൽ പറയുന്ന ദിവസം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണൻ പറഞ്ഞു.
ഗൂഢാലോചനയെന്ന് ആരോപണം
എ.എസ്. വിനോദ് കുമാറിനെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.ശ്യാം. അമിതഭാരം കയറ്റിവന്ന ടിപ്പർ പിടിച്ചതുമായി ബന്ധപ്പെട്ട് വിനോദ്കുമാറിനെതിരെ ഒരു സംഘം ടിപ്പറുകാർക്ക് വൈരാഗ്യമുണ്ടായിരുന്നു. പിഴ ചുമത്തപ്പെട്ട ടിപ്പറിന്റെ ഉടമ ബൈക്കിന്റെ ടെസ്റ്റുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ഓഫീസിലെത്തിയിരുന്നു. അന്ന് നിയമപരമായ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതിലും ഈ യുവാവിന് അസ്വസ്ഥതയുണ്ട്. ഈ യുവാവിന്റെ ബന്ധുവാണ് പരാതി നൽകിയ പെൺകുട്ടി. ടിപ്പർ പിടിച്ചതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെ രംഗത്തെത്തിയ എം.എൽ.എക്കും പരാതി നൽകിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.