കൊല്ലം: കേരളപുരം ജംഗ്‌ഷന് സമീപം പ്ലൈവുഡ് ഗോഡൗണിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെ മാമൂട് ശ്രീരംഗത്ത് ശാന്തി രാജിന്റെ ഉടമസ്ഥതയിലുള്ള പഴയ അഞ്ജലി തീയേറ്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.

വീട് നിർമ്മാണത്തിനാവശ്യമായ ആസ്ബസ്റ്റോസ്, ടാർ ഷീറ്റ്, പ്ലൈവുഡ്, ജാക്ക് വുഡ് എന്നിവ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷീറ്റ് മേഞ്ഞ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒരുവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതോടെ പരിസരത്താകെ കറുത്ത പുക വ്യാപിച്ചു. തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിച്ചു. കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂർ, കൊട്ടാരക്കര, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ 12ഓളം ഫയർ യൂണിറ്റുകൾ മൂന്ന് മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഗോഡൗണിനോട് ചേർന്ന് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും തീ പടരുന്നത് കണ്ട് അവ മാറ്റിയത് വലിയ ദുരന്തം ഒഴിവാക്കി. തീ പടർന്നതോടെ ആസ്ബസ്റ്റോസ് ഷീറ്റുകളും മേൽക്കൂരയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ആശങ്ക പരത്തി. പ്ലൈവുഡ് ഗോഡൗണിനോട് ചേർന്ന് മറ്റ് കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ തീ കൂടുതൽ സ്ഥലത്തേയ്ക്ക് വ്യാപിച്ചില്ല. തൊട്ടടുത്തുണ്ടായിരുന്ന ഒരു തെങ്ങും പ്ലാവും നശിച്ചു. കെട്ടിടത്തിനോട് ചേർന്ന് വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തെറിച്ചുവീണ തീപ്പൊരിയിൽ നിന്നോ ഷോർട്ട് സർക്യൂട്ട് മൂലമോ ആകാം തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. വെൽഡിംഗ് ജോലിക്കാർ അടക്കം ഗോഡൗണിനുള്ളിൽ ഉണ്ടായിരുന്നവർ തീ ആളിപ്പടർന്നപ്പോൾ തന്നെ പുറത്തിറങ്ങി. ഏകദേശം 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

നഗരം നടുങ്ങിയ മൂന്ന് മണിക്കൂർ

മിനിട്ടുകളുടെ വ്യത്യാസത്തിൽ തലങ്ങും വിലങ്ങും ചീറിപ്പായുന്ന അഗ്നിശമനസേനാ വാഹനങ്ങൾ നഗരത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീപിടിച്ച വിവരത്തെ തുടർന്ന് കടപ്പാക്കടയിൽ നിന്നും കുണ്ടറയിൽ നിന്നും ഓരോ യൂണിറ്റ് വാഹനങ്ങളാണ് ആദ്യം പുറപ്പെട്ടത്. തീ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ചാമക്കട, കൊട്ടാരക്കര സ്റ്റേഷനുകളിൽ നിന്ന് വാഹനങ്ങൾ പുറപ്പെട്ടു. കടപ്പാക്കടയിൽ നിന്ന് രണ്ട് യൂണിറ്റുകൾ കൂടി അവിടേക്ക് ചീറിപ്പാഞ്ഞു. തുടർന്ന് ശാസ്‌താംകോട്ട, പരവൂർ സ്റ്റേഷനുകളിൽ നിന്ന് കൂടി വാഹനങ്ങൾ എത്തിയതോടെ നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം അഗ്നിരക്ഷാസേനയുടെ സാന്നിദ്ധ്യമുണ്ടായി. ഇതിനിടെ ചില യൂണിറ്റുകൾ വെള്ളം നിറയ്ക്കാൻ എതിർദിശയിൽ തിരികെ സൈറണിട്ട് സഞ്ചരിച്ചതും ആശങ്കയ്ക്ക് കാരണമായി.