
കൊല്ലം: ഹക്കിം എവിടേയ്ക്ക് തിരിഞ്ഞാലും അലിയുണ്ടാകും. ജോലിക്ക് പോയാലും ബന്ധുവീട്ടിൽ പോയാലും ഒപ്പം കൂടും. ഊണു കഴിക്കാനിരുന്നാൽ പാത്രത്തിൽ തലയിട്ട് വെട്ടിവിഴുങ്ങും. ഉറങ്ങാൻ കിടന്നാൽ പുതപ്പിനടിയിലുണ്ടാകും. ആരാണീ അലിയെന്നല്ലേ... ഹക്കീമിന്റെ പുന്നാര കുഞ്ഞാട്!.
കൊല്ലം കരിക്കോട് കടപ്പവിള തെക്കേതിൽ 59 കാരനായ ഹക്കിമിന്റെയും ആറുമാസം പ്രായമുള്ള കുഞ്ഞാട് അലിയുടെയും ചങ്ങാത്തം കൗതുകകാഴ്ചയാണ്. ഓമനത്തം കണ്ട് സഹോദരിയുടെ വീട്ടിൽ നിന്ന് സ്വന്തമാക്കിയതാണ് അലിയെ.
വീടുമാറിയതിന്റെ ഒറ്റപ്പെടലും വിഷമവും മാറ്റാൻ ചേർത്തു കിടത്തി ഉറക്കി. അത് ആത്മബന്ധമായി.
ഓട്ടോയിൽ കയറിയാൽ കൂടെ കയറും. ഹോട്ടലിൽ കയറിയാൽ അലി ആദ്യം സീറ്റ് പിടിക്കും
ചായയും പലഹാരവും നിർബന്ധം. വീട്ടിലെ ദോശ മൊത്തം ഒറ്റയടിക്ക് തിന്നും. പലപ്പോഴും പഴങ്കഞ്ഞിയാണ് ഹക്കിമിന്റെ പ്രാതൽ.
പുല്ലും പ്ളാവിലയുമൊക്കെ കഴിക്കുമെങ്കിലും ഉച്ചയ്ക്ക് ചോറ് നിർബന്ധം. മീൻകറിയാണ് പ്രിയം. ബീഫുണ്ടെങ്കിൽ വയറുനിറയെ കഴിക്കും. ഹക്കിമിന്റെ ഭാര്യ സുൽബത്തിനോടും കൂട്ടാണ്. മകളും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് ഹക്കിമിന്റെ കുടുംബം. അവരെല്ലാം വിവാഹം കഴിച്ച് പലയിടങ്ങളിലായി താമസിക്കുന്നു.
കിട്ടിയിട്ടുവേണ്ടേ കെട്ടിയിടാൻ!
അലിയെ കെട്ടിയിടാറില്ല.ഹക്കിം അകലെയുള്ള ബന്ധുവീട്ടിൽ പോയാലും അലി ഒപ്പം കൂടും. ഒരിക്കൽ അഷ്ടമുടിയിലെ സഹോദരിയുടെ വീട്ടിൽ വിരുന്നിന് പോയ ഹക്കിം കൂട്ടുകാർക്കൊപ്പം കായലിൽ ചാടി. ഒപ്പം അലിയും കൂടെ ചാടി!. ഹക്കിമിനെ ആരെങ്കിലും വഴക്ക് പറഞ്ഞാലോ തല്ലാൻ കൈ ഉയർത്തിയാലോ അലി തലകുലുക്കി വിരട്ടും. പേടിച്ചില്ലെങ്കിൽ അലമുറയിട്ട് കരയും. ഫെബ്രുവരി 10 നാണ് അലിയുടെ ജന്മദിനം.
എന്റെ മകനാണ് അലി. ഞങ്ങൾക്ക് പിരിഞ്ഞിരിക്കാനാവില്ല. അടുത്തിടെ ഒരാൾ അവന് വിലപറഞ്ഞു. ചത്താലും ഞാൻ ആർക്കും കൊടുക്കില്ല.
- ഹക്കിം