ചവറ: കരിമണൽ ഖനനം പൂർണമായും സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതുക്കിയ നയ സമീപനത്തിനെതിരെ സി.ഐ.ടി.യു ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും പ്രതിഷേധ ദിനാചരണവും സംഘടിപ്പിച്ചു. ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എ.അനിരുദ്ധൻ അദ്ധ്യക്ഷനായി. ചവറ ഏരിയാ സെക്രട്ടറി എസ്.ശശിവർണ്ണൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.മനോഹരൻ, സി.പി. എം ഏരിയാ സെക്രട്ടറി ആർ .രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരൻ, ആർ.സുരേന്ദ്രൻ പിള്ള, കെ .മോഹനക്കുട്ടൻ, വി. മധു, വി .സി. രതീഷ് കുമാർ, സന്തോഷ്, ബി. എ .ബ്രിജിത്ത് എന്നിവർ സംസാരിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾ കറുത്ത ബാഡ്ജ് അണിഞ്ഞ് ജോലിക്കെത്തി. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള കേന്ദ്ര നയം തിരുത്തുക, നാടിന്റെ ധാതു സമ്പത്ത് പൊതുനന്മയ്ക്കായി നിലനിറുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.