തഴവ: സംരക്ഷണമില്ലാതെ നശിക്കുകയാണ് തഴവയിലെ ഒരു വ്യവസായ സഹകരണ സംഘം . തഴവ വടക്കുംമുറി കിഴക്ക് മൂന്നാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തഴവ ക്യൂ 2062 നമ്പർ കുടിൽ വ്യവസായ വിനിയോഗ സഹകരണ സംഘമാണ് കാട് കയറി നശിക്കുന്നത്.
തുടക്കം ഗംഭീരം
വ്യവസായ വകുപ്പിന്റെ കീഴിൽ സംഘം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത് 1935ലാണ്. പ്രദേശത്തെ തൊഴിലാളികളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ച സംഘം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 80 സെന്റ് സ്ഥലം സ്വന്തമാക്കി. തുടക്കം അതിഗംഭീരമായിരുന്നു. ടാറ്റ ഉൾപ്പടെയുള്ള വൻകിട സ്ഥാപനങ്ങൾക്ക് സോപ്പ് പൊടി പായ്ക്ക് ചെയ്യുന്നതിനായി തഴപ്പായ് ഉപയോഗിച്ച് കവറുകൾ നിർമ്മിച്ച് നൽകുന്ന ജോലിയായിരുന്നു ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. ഏകദേശം രണ്ടായിരത്തിൽപരം തൊഴിലാളികളായിരുന്നു അക്കാലത്ത് സംഘത്തിൽ നിന്ന് നേരിട്ടും പരോക്ഷമായും വരുമാനം നേടിയിരുന്നത്.
വില്ലനായി പ്ലാസ്റ്റിക്
വിപണിയിൽ പ്ലാസ്റ്റിക് വന്നതോടെ സംഘത്തിന്റെ പ്രവർത്തനം മന്ദഗതിയിലേക്ക് നീങ്ങി. 1977 ൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സംഘത്തിന്റെ പ്രവർത്തനം ഗാന്ധി സ്മാരക നിധിയെ ഏൽപ്പിക്കുവാൻ ധാരണയായി. ഖാദി നിർമ്മാണ യൂണിറ്റ് ,മെത്തപ്പായ് നിർമ്മാണം, സോപ്പ് ,ഇഷ്ടിക, കുമ്മായം എന്നിവയുടെ നിർമ്മാണത്തിലൂടെ ഗ്രാമീണ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ഗാന്ധി സ്മാരക നിധിയ്ക്ക് കഴിഞ്ഞു. കരുനാഗപ്പള്ളി ,ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകൾ അക്കാലത്ത് തൊഴിൽ പരിശീലന കേന്ദ്രമായും സംഘത്തെ അംഗീകരിച്ചിരുന്നു. എന്നാൽ 2000 ആയതോടെ ഖാദി ഉത്പ്പന്നങ്ങൾക്ക് വിപണന വെല്ലുവിളി നേരിട്ടതും വേതന വ്യവസ്ഥ നിശ്ചയിക്കുന്നതിൽ ദേശീയ ഖാദി കമ്മിഷൻ അനാസ്ഥ കാണിച്ചതുമൊക്കെ സംഘത്തിനെ നാശത്തിലേക്ക് നയിച്ചു. പതിറ്റാണ്ടുകളായി അധികൃതരിൽ നിന്ന് അവഗണന മാത്രം ലഭിക്കുന്ന ഇടിഞ്ഞു വീഴാറായ ഈ സ്ഥാപനത്തിൽ ഇന്നും 19 നെയ്ത്തുകാർ അവശേഷിക്കുന്നുണ്ട്.