കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറം, തിരുമുല്ലവാരം കടപ്പുറം, പരവൂർ കോങ്ങാൽ പനമൂട് കുടുംബ മഹാദേവക്ഷേത്രം എന്നീ ബലിതർപ്പണ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ജൂലായ് 27, 28 തീയതികളിൽ ഉത്സവമേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഹരിതചട്ടം കർശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, മാലിന്യനിർമ്മാർജ്ജനം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകൾ കർശന നടപടി സ്വീകരിക്കണം. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും പൊലീസിനെ നിയോഗിക്കാൻ സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. മദ്യം - ലഹരി വസ്തുക്കളുടെ വില്പന എക്‌സൈസ് പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.