photo
പടം :കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള കമാനം ജീർണ്ണാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു.

ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കണ്ടുപിടിക്കണേൽ അൽപ്പം പ്രയാസപ്പെടും. പുത്തനമ്പലത്തിൽ നിന്ന് 50 മീറ്റർ അകത്ത് മാറിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളത്. പുത്തനമ്പലം ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന സൂചനാ കവാടം വർഷങ്ങളായി പെയിന്റിളകി നശിച്ച അവസ്ഥയിലാണ്. റോഡിന്റെ ഇരുവശവും കാട് പിടിച്ച് ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വാക്സിൻ എടുക്കാൻ വരുന്നവർക്കാണ് ഏറ്റവും പ്രയാസം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെയും നായ്ക്കളുടെയും സ്ഥിരം താവളമായി മാറി. കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മാർച്ചും ധർണയും

കമാനം വൃത്തിയാക്കിയും കാട് വെട്ടി തെളിച്ചും നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിഹാരം കണ്ടില്ലെങ്കിൽ കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. കെ.സുകുമാരൻ നായർ , കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ, റെജി കുര്യൻ, നാട്ടുശ്ശേരി രാജൻ, ഹരി പുത്തനമ്പലം, വട്ടവിള ജയൻ,ശ്രീദേവിയമ്മ, ശ്രീകുമാർ ഇടശ്ശേരിയിൽ എന്നിവർ പങ്കെടുത്തു.