കുന്നത്തൂർ : സി.പി.ഐയോടുള്ള അമർഷത്തെ തുടർന്ന് ശൂരനാട് വടക്ക് ആനയടി വഞ്ചിമുക്കിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്ര് ലൈറ്റിന്റെ പ്രവർത്തനം എം.എൽ.എ ഇടപെട്ട് നിറുത്തിയതായി ആക്ഷേപം. രണ്ട് മാസം മുമ്പ് സി.പി.ഐയുടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതിനാൽ എം.എൽ.എ ഇടപെട്ട് ലൈറ്റിന്റെ ഫ്യൂസ് കട്ട് ചെയ്യിപ്പിച്ചെന്നാണ് ആക്ഷേപം. അടുത്തിടെ നടന്ന സി.പി.ഐ കുന്നത്തൂർ, ശൂരനാട് മണ്ഡലം സമ്മേളനങ്ങളിൽ എം.എൽ.എക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിൽ പ്രകോപിതനായാണ് ലൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ എം.എൽ.എ തീരുമാനിച്ചതെന്നാണ് വിവരം. അതിനിടെ എൽ.ഡി.എഫിലെ പടലപിണക്കത്തെ തുടർന്ന് ദേശീയപാതയോരത്തെ ലൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ആനയടി മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാല കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ്,വാർഡ് മെമ്പർമാരായ ഗംഗാദേവി,മിനി സുദർശൻ,ദിലീപ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുജാത രാധാകൃഷ്ണൻ,വാർഡ് പ്രസിഡന്റ് ചന്ദ്രശേഖരപിള്ള,മണ്ഡലം സെക്രട്ടറി വിജയൻ മംഗലത്ത്,കാഞ്ഞിരവിള വിജയൻ എന്നിവർ സംസാരിച്ചു.