കുന്നത്തൂർ : കുടിവെള്ള പദ്ധതി മാറ്റി സ്ഥാപിക്കുന്നതിനായി നടത്തിയ നിർമ്മാണത്തെ തുടർന്ന് പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും കോൺക്രീറ്റ് സ്ലാബിന്റെ അവശിഷ്ടങ്ങളും ഗതാഗത തടസം സൃഷ്ടിക്കുന്നു. പടിഞ്ഞാറേ കല്ലട ആദിക്കാട്ട് മുക്ക് - വിളന്തറ റോഡിന്റെ വശങ്ങളിലാണ് യാത്രക്കാർക്ക് ഭീഷണിയായി കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്.
നടപടിയെടുക്കാതെ അധികൃതർ
കുടിവെള്ള പൈപ്പ് മാറ്റാൻ അടുത്തിടെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ഈ കോൺക്രീറ്റ് സ്ലാബുകൾ റോഡിന്റെ വശങ്ങളിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. അത് മാസങ്ങളോളം ഇവിടെ യാത്രാക്ലേശം ഉണ്ടാകുകയും പരാതിയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പൈപ്പിന് വേണ്ടി കുഴിയെടുത്ത ഭാഗങ്ങളിൽ പുതിയതായി കോൺക്രീറ്റ് ചെയ്യുകയും പഴയ അവശിഷ്ടങ്ങൾ റോഡുകളുടെ വശങ്ങളിൽ തന്നെ കൂട്ടിയിട്ടതും. പരാതികൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരമുണ്ടാകുന്നില്ല.
അപകടങ്ങൾ പതിവ്
റോഡിന് വീതി കുറഞ്ഞ ഈ ഭാഗങ്ങളിൽ വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ദിവസവും നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. വിളന്തറ,കോട്ടക്കുഴി മുക്ക് ഭാഗങ്ങളിലെ ജനങ്ങൾക്ക് ആദിക്കാട്ട് മുക്കിലെത്തി മറ്റ് പ്രദേശങ്ങളിലേക്ക് ബസ് കയറി പോകാനുള്ള ഏക മാർഗമാണ് ഈ റോഡ്. മഴ ശക്തമായതോടെ പാതയോരവും റോഡും ചെളിക്കുണ്ടായി മാറുകയും ചെയ്യും.
അടിയന്തരമായി യാത്രക്കാർക്ക് ഭീഷണിയായ അവശിഷ്ടങ്ങൾ പാതയോരത്ത് നിന്ന് നീക്കി യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
ദിനകർ കോട്ടക്കുഴി
കോൺഗ്രസ് നേതാവ്