
കൊട്ടാരക്കര: കൃത്രിമ കാലുമായി നടന്ന് ബാലൻസാകും മുന്നേ ദേവദാസിനെ മരണം കീഴടക്കി. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസിയായ വി.സി.ദേവദാസാണ് (58) ഇന്നലെ വൈകിട്ട് നാലരയോടെ മരിച്ചത്.
എറണാകുളം നെടുമ്പാശേരി വിരുത്തിയിൽ പരേതരായ ചന്ദ്രൻ - മാധവി ദമ്പതികളുടെ മകനായ ദേവദാസ് സൗദി അറേബ്യയിൽ ട്രക്ക് ഡ്രൈവറായും പിന്നീട് കരുനാഗപ്പള്ളിയിൽ ടോറസ് ലോറി ഡ്രൈവറായും ജോലി ചെയ്തിരുന്നു. 2020 മാർച്ച് 26ന് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആൽത്തറയിൽ കിടന്നുറങ്ങുമ്പോൾ കാലിൽ എന്തോ കടിച്ചു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആദ്യം മൂന്ന് വിരലുകൾ മുറിച്ചുനീക്കി. ഏപ്രിൽ ആറിന് ഇടത് കാൽ പൂർണമായും മുറിച്ച് നീക്കി. കരുനാഗപ്പള്ളിയിൽ ഉണ്ടായിരുന്ന കിടപ്പാടം വിറ്റു. വാടക വീട്ടിലേക്ക് താമസം മാറി. അതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു. ഒറ്റപ്പെട്ടുപോയ ദേവദാസിന് പിന്നീട് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രമാവുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ മേയ് രണ്ടാം വാരത്തിൽ കടയ്ക്കൽ ചിതറ കെ.പി.കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ ദേവദാസിന് കൃത്രിമ കാൽ നൽകി. പുതിയ കാൽ ലഭിച്ചതോടെ അനാഥലയത്തിന്റെ പരിസരങ്ങളിലൂടെ നടക്കുമായിരുന്നു. ഇന്നലെ രാവിലെയും ഉച്ച ഭക്ഷണത്തിന് ശേഷവും നടന്നു. വൈകിട്ടോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കളെത്തി ഏറ്റുവാങ്ങും.