കൊല്ലം: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മുണ്ടയ്ക്കൽ കുന്നത്തുകാവ് കളിയിലിൽ പടിഞ്ഞാറ്റതിൽ ഗിരീഷ് (44) മുണ്ടയ്ക്കൽ തൊക്കേവിള സർഗധാരാ നഗർ-205 തൊടിയിൽ വീട്ടിൽ ദീപു (45) എന്നിവരാണ് പിടിയിലായത്.
24ന് രാത്രി പത്തോടെ ഇരവിപുരം ആലുംമൂട് ജംഗ്ഷന് സമീപമുള്ള വീട്ടിൽ വഴക്ക് നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെയാണ് പ്രതികൾ ആക്രമിച്ചത്. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ പ്രതികൾ തിരിയുകയായിരുന്നു. ഇരവിപുരം എസ്.എച്ച്.ഒ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ്, എ.എസ്.ഐമാരായ പ്രമോദ്, ഷാജി, ശ്യാം കുമാർ, അംബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മർദ്ദിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രതിഷേധം
കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഗിരീഷിനെ ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥനെ കാണിച്ച് തിരിച്ചറിയുന്നതിനിടയിൽ പൊലീസുകാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. വൈകിട്ട് നാലോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. എ.സി.പിയുമായി സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിൽ ആരോപണ വിധേയനായ പൊലീസുകാരനെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.