കൊല്ലം: കരിമണൽ ഖനനം സ്വകാര്യവത്കരിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഖനന സ്വകാര്യവത്കരണ വിരുദ്ധസമിതി ആഗസ്​റ്റ് 2ന് പാർലമെന്റ് മാർച്ച് നടത്തും.

ചവറയിലെ കേരള മിനറൽസ് ആൻഡ് മെ​റ്റൽസ് (കെ.എം.എം.എൽ), തിരുവനന്തപുരം വേളിയിലെ ട്രാവൻകൂർ ടൈ​റ്റാനിയം പ്രോഡക്ട്‌സ് (ടി.ടി.പി.എൽ), കൊല്ലം ഇന്ത്യൻ റെയർ എർത്ത് ലിമി​റ്റഡ് (ഐ.ആർ.ഇ.എൽ) എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് മാർച്ചിൽ അണിനിരക്കുക. ഒപ്പം കേരളത്തിൽ നിന്നുള്ള എം.പിമാരും പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ഡെന്നി സുദേവൻ (സി.ഐ.ടി.യു), ആർ. ശ്രീജിത്ത് (ഐ.എൻ.ടി.യു.സി), ജെ. മനോജ്‌മോൻ, ഗോപകുമാർ (സി.ഐ.ടി.യു.സി - എം.എസ് യൂണിറ്റ്), സന്തോഷ് (യു.ടി.യു.സി), റോബർട്ട് (ഐ.എൻ.ടി.യു.സി), ഫെലിക്‌സ് (എ.ഐ.ടി.യു.സി), ഷാജി (എസ്.ടി.യു) എന്നിവർ പങ്കെടുത്തു.