എഴുകോൺ : തൊഴിലുറപ്പ് വഴിയുള്ള വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കാതെ ഗ്രാമപ്പഞ്ചായത്തുകൾ. നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഒട്ടുമിക്കയിടങ്ങളിലും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പൊതു അറിയിപ്പ് ഉണ്ടാകാറില്ല. അച്ചടിച്ച അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യുന്ന പതിവുമില്ല. ഗ്രാമപ്പഞ്ചായത്തംഗങ്ങൾ ഗുണഭോക്താക്കളെ സെലക്ട് ചെയ്ത് വെള്ള പേപ്പറിൽ അപേക്ഷ വാങ്ങി പഞ്ചായത്തിൽ എത്തിക്കുന്ന രീതിയാണ് ചിലയിടങ്ങളിൽ. ഇത്തരം അപേക്ഷകളിൽ വി.ഇ.ഒ അർഹതാ റിപ്പോർട്ടെഴുതി എൻ.ആർ.ഇ. ജി.എസിന് കൈമാറും.
തൊഴിൽ കാർഡുള്ളവർക്ക്
അഞ്ചു ലക്ഷം രൂപ വരെയുള്ള വ്യക്തിഗത പദ്ധതികളാണ് തൊഴിൽ കാർഡുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്നത്. കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കിണർ, ഫോഡർ കൾട്ടിവേഷൻ, അസോള ടാങ്ക്, എം.സി.എഫ്, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, ഫാം പോണ്ട്, കിണർ റീ ചാർജിംഗ് തുടങ്ങിയവയാണ് തൊഴിലുറപ്പ് വഴി നൽകി വരുന്നത്. പട്ടികജാതി, ബി.പി.എൽ., ഭിന്ന ശേഷി, സ്ത്രീ എന്നീ വിഭാഗങ്ങളിലെ ഗൃഹനാഥർ, ഭൂ പരിഷ്ക്കരണത്തിന്റെയോ ഐ.എ.വൈ യുടെയോ ഗുണഭോക്താവ്, ചെറുകിട നാമമാത്ര കർഷകൻ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ആനുകൂല്യങ്ങൾക്ക് അർഹത . ഈ വിഭാഗത്തിൽപ്പെടുന്ന നിരവധി അപേക്ഷകർ വന്നാൽ മുൻഗണന നിശ്ചയിച്ച് നൽകുന്ന നടപടിയും ഇല്ല.
ചട്ടങ്ങൾ ഒന്നും പാലിക്കുന്നില്ല
അപേക്ഷകരുടെ മുൻ ഗണനാ ക്രമം നിശ്ചയിക്കുകയോ ഗ്രാമ സഭകളിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയോ ചെയ്യാറില്ല. അംഗീകാരം ലഭിച്ച പട്ടിക പഞ്ചായത്തുകളിൽ പ്രസിദ്ധപ്പെടുത്തണമെന്ന നിബന്ധനയും പാലിക്കാറില്ല.
ഓരോ പദ്ധതി വർഷവും അപേക്ഷകൾ ക്ഷണിച്ച് മുൻഗണനാ പട്ടിക തയ്യാറാക്കണമെന്നാണ് ചട്ട പ്രകാരമുള്ള വ്യവസ്ഥ. ഇതും വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്.
തൊഴിലുറപ്പ് മുഖേനയുള്ള പദ്ധതികളും ആനുകൂല്യ വിതരണവും വാർഷിക പദ്ധതിയുടെ ഭാഗമാക്കണമെന്ന തദ്ദേശ ഭരണ വകുപ്പിന്റെ നിർദ്ദേശവും ഗ്രാമപ്പഞ്ചായത്തുകൾ ഗൗരവമായെടുത്തിട്ടില്ല.
അതിനാൽ ഗ്രാമപ്പഞ്ചായത്തിൽ നിന്ന് ജീവനോപാധിയായി വളർത്ത് മൃഗങ്ങളെയും മറ്റും ലഭിക്കുന്നവർക്ക് എൻ.ആർ.ഇ.ജി.എസിന്റെ തൊഴുത്തോ കൂടോ ഉറപ്പാക്കാൻ കഴിയാറില്ല. തൊഴുത്തും കൂടും ലഭിക്കുന്നവർക്ക് കിടാരികളെയും കോഴിയേയും ലഭിക്കാറില്ല. ഇത്തരം പദ്ധതികളുടെ സംയോജനം ഉറപ്പാക്കേണ്ട ജില്ലാ ആസൂത്രണ സമിതികൾ പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ഇടപെടുന്നില്ല എന്ന ആക്ഷേപവുമുണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവർത്തികളും വ്യക്തിഗത ആനുകൂല്യ വിതരണവും ചട്ട പ്രകാരമാകണം. ഓരോ വർഷത്തെയും പദ്ധതികൾക്ക് അതത് വർഷം അപേക്ഷ ക്ഷണിച്ച് ഗ്രാമ സഭകളുടെ അംഗീകാരം വാങ്ങി വേണം നടപ്പാക്കാൻ.
അനിൽ കുമാർ
ജെ.പി.സി., എൻ.ആർ.ഇ.ജി.എസ്. കൊല്ലം .