കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിൽ മരുന്നും സിറിഞ്ചുമില്ല, രോഗികൾ ബുദ്ധിമുട്ടിൽ. പനി വ്യാപകമായതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം പതിന്മടങ്ങായിട്ടുണ്ട്. എന്നാൽ, ഇവരിൽ അധികവും മതിയായ ചികിത്സ ലഭിക്കാതെ മടങ്ങുകയാണ്. കുത്തിവയ്പ്പ് വേണ്ടവർ പുറത്തു നിന്ന് സിറിഞ്ച് ഉൾപ്പടെ വാങ്ങി വരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പേവിഷബാധയേറ്റ കുട്ടിക്കുള്ള കുത്തിവയ്പിനും ഇതേ നിലപാടിലായിരുന്നു അവർ. കോടികൾ മുടക്കി ഹൈടെക് വികസനമെത്തിച്ചുവെന്ന് പലരും അവകാശപ്പെടുമ്പോഴാണ് രോഗികൾ ഇങ്ങനെ ബുദ്ധിമുട്ടുന്നത് എന്ന് ഓർക്കണം.
സാധാരണക്കാരുടെ ആശ്രയം
കശുഅണ്ടി, മത്സ്യ മേഖലയിലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ തീർത്തും സാധാരണക്കാരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. പ്രസവ ചികിത്സയടക്കം ഉണ്ടായിരുന്ന ആശുപത്രിയുടെ പ്രവർത്തനം പിന്നീട് പരിമിതപ്പെടുകയായിരുന്നു. ജെ.മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്ത് 39 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. ചെറിയ രോഗങ്ങൾക്ക് പോലും ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുന്ന പതിവുമുണ്ട്. പനിക്കാലമായതോടെ മരുന്നുകൾ മിക്കതും പുറത്തു നിന്നു വാങ്ങേണ്ട ഗതികേട് വന്നതിനാൽ താലൂക്ക് ആശുപത്രിയിൽ പോകാൻ മടിക്കുകയാണ് രോഗികൾ.
കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോൾ മിക്ക മരുന്നും കുത്തിവയ്പ്പിനുള്ള സിറിഞ്ചും പുറത്തുനിന്ന് വാങ്ങിവരാൻ പറഞ്ഞു. പേവിഷ ബാധയേറ്റ കുട്ടിയുടെ ബന്ധുക്കളെയും ഇതുപോലെ പറഞ്ഞുവിടുന്നത് കണ്ടു. സാധാരണക്കാരുടെ ആശ്രയമായ താലൂക്ക് ആശുപത്രി ഈ നെറികേട് കാട്ടരുത്
അനീഷ് വ്ളാവേത്ത്, പൊതുപ്രവർത്തകൻ