കൊല്ലം: പൊതുസ്ഥലത്തെ മദ്യപാനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് യുവാക്കളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഇടനാട് ചരുവിള പുത്തൻ വീട്ടിൽ ഷിജു(22), സഹോദരൻ ഷൈജു(24), കിഴക്കേവിള പുത്തൻ വീട്ടിൽ ബിജിൻ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചാത്തന്നൂർ എസ്‌.ഐ ആശ വി.രേഖയും സംഘവും ഇടനാട് മലയാ​റ്റികോണം ഭാഗത്തെത്തിയപ്പോൾ പരസ്യമായി മദ്യപിക്കുന്ന ഇവരെ കാണുകയും തടയാൻ ശ്രമിച്ച എസ്.ഐയെയും കൂട്ടരെയും കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. 2019ലും സമാനമായ രീതിയിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. ചാത്തന്നൂർ ഇൻസ്‌പെക്ടർ അനിൽ ജെ. റോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ വി. രേഖ, ബൈജു, ഷാജി, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ദിനേശ് കുമാർ സി.പി.ഒമാരായ പ്രശാന്ത്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.