cat
ഒട്ടുമലയിൽ വനപാലകർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കാട്ടുപൂച്ചയുടെ ചിത്രം

ഓയൂർ : ഓട്ടുമലയിലെ ക്രഷർ യൂണിറ്റിലെ സി.സി. ടി .വി കാമറയിൽ പുലിയുടെ രൂപസാദൃശ്യമുള്ള വന്യ ജീവിയുടെ ചിത്രം കണ്ടതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥാപിച്ച കാമറയിൽ കാട്ടുപൂച്ചയുടെയും മുള്ളൻ പന്നിയുടെയും ചിത്രങ്ങൾ പതിഞ്ഞു. രണ്ടു ദിവസം മുമ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡുകളുടെ പരിശോധനയിലാണ് കാട്ടുപൂച്ചയുടെയും മുള്ളൻപന്നിയുടെയും ദൃശ്യങ്ങൾ പതിഞ്ഞത്. ഈ രണ്ടു ജീവികളും അപകടകാരികൾ അല്ലെന്നും ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. എസ്. സജു പറഞ്ഞു. തുടർന്ന് രണ്ടു കാമറകൾ മറ്റ് രണ്ടു സ്ഥലങ്ങളിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 13ന് അർദ്ധരാത്രിയിലാണ് പുലിയുടെ രൂപസാദൃശ്യമുള്ള വന്യമൃഗത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതായി കണ്ടത് . തുടർന്നാണ് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കാമറകൾ സ്ഥാപിച്ചത്.