ശാസ്താംകോട്ട: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കുന്നത്തൂർ മണ്ഡലത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുയാണെന്ന് ആർ വൈ.എഫ്. കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയ്ക്കു വേണ്ടി ആർ.വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ദീപ്തി ശ്രാവണം, ശ്യാം പള്ളിശേരി ക്കൽ, ഷഫീഖ് മൈനാഗപ്പള്ളി, സജിത്ത് ഉണ്ണിത്താൻ, മുൻഷീർ ബഷീർ എന്നിവർ ശാസ്താംകോട്ട പ്രസ് ക്ലബ്ബിൽ വച്ചു കൂടിയ പ്രസ് മീറ്റിംഗിലാണ് ആരോപണം. കാലങ്ങളായി ഇടത് മുന്നണി മാത്രം വിജയം നേടുന്ന കുന്നത്തൂർ മണ്ഡലം തുടർ ഭരണത്തിന്റെ ആനുകൂല്യങ്ങളിൽ തഴയപ്പെട്ടു. മണ്ഡലത്തിലെ ഇടതുമുന്നണി നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് ആർ.വൈ എഫ് ആവശ്യപ്പെട്ടു.

സ്ഥലം ഏറ്റെടുത്തു നൽകാത്തതിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിനായി ബഡ്ജറ്റിൽ അനുവദിച്ച 50 കോടി രൂപ പാഴായി. എക്സ്-റേ എടുക്കാനുള്ള സൗകര്യം പോലുമില്ലാത്ത ഏക താലൂക്ക് ആശുപത്രിയാണ് ശാസ്താംകോട്ടയിലേത്. ഐ.സി.യു ഇല്ല, 108 ആംബുലൻസ് ഇല്ല, പേവിഷ പ്രതിരോധമരുന്നില്ല, ശസ്ത്രക്രിയക്കുള്ള സൗകര്യമില്ല. ആകെയുള്ള ഡയാലിസിസ് സെന്ററിൽ എത്തണമെങ്കിൽ മൂന്നാം നിലയിലെത്തണം.

പരിസ്ഥിതി ദുർബലമായ മൺറോത്തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജുകൾ അനുവദിപ്പിക്കാനും ശ്രമങ്ങളില്ല. തുരുത്തിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. ശൂരനാട് വടക്ക് പാതിരിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച 5

കോടി രൂപ നേടിയെടുക്കാനായില്ല. നിലവിലെ ബ്രിഡ്ജ് കാലഹരണപ്പെട്ടത് കാർഷികമേഖലയെ

ഏറെ പ്രതികൂലമായി ബാധിച്ചിട്ടും നടപടികളുണ്ടായില്ല. ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതകുരുക്ക് അഴിക്കാൻ നടപടിയില്ല. ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനായില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോ , ഗ്യാരേജ് എന്നിവയ്ക്കായി കോടികൾ പാഴാക്കി. യു.ഐ.ടി .പ്രവർത്തനം അനിശ്ചിതത്വത്തിലായി. ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടമില്ല.

പോളിടെക്നിക് എന്നത് ബഡ്ജറ്റ് പ്രഖ്യാപനം മാത്രമായൊതുങ്ങി. പൊതുവിതരണ സംഭരണ കേന്ദ്രം തുടങ്ങുന്നതിന് യാതൊരു നടപടിയുമില്ല തുടങ്ങിയ കാര്യങ്ങളാണ് ആർ വൈ.എഫ് പ്രസ് മീറ്റിൽ ആരോപിച്ചത്.