photo
മേലില ധർമ്മശാസ്ത്ര ക്ഷേത്ര സേവാസമിതി സംഘടിപ്പിച്ച ബലിതർപ്പണ ചടങ്ങ്

കൊട്ടാരക്കര: രണ്ടുതിരിയിട്ട നിലവിളക്കിന് പിന്നിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത് കുഴച്ച് ഉരുളയുരുട്ടി നാക്കിലയിൽ വച്ച് പിതൃ സ്മരണയിൽ കർക്കിടക വാവുബലി അർപ്പിച്ച് പതിനായിരങ്ങൾ. ക്ഷേത്രങ്ങളിലും വീടുകളിലുമടക്കം പിതൃപൂജാ ചടങ്ങുകളുണ്ടായിരുന്നു. പുലർച്ചെ മുതൽ പിതൃമോക്ഷ പുണ്യം തേടിയെത്തിയവരുടെ വലിയ തിരക്കാണ് സ്നാനഘട്ടങ്ങളിൽ അനുഭവപ്പെട്ടത്. ഒട്ടുമിക്ക ക്ഷേത്ര കടവുകളും, ക്ഷേത്ര കുളങ്ങൾ, നദീ തീരങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളെല്ലാം സ്നാന ഘട്ടങ്ങളായി മാറുകയായിരുന്നു. ക്ഷേത്രങ്ങളിൽ പിതൃപൂജ, തിലഹവനം, സായൂജ്യപൂജ, വിഷ്ണുപൂജ എന്നിവയും അനുബന്ധമായി നടത്തി. പുത്തൂർ താഴം ആദിശമംഗലം ക്ഷേത്രത്തിലും കല്ലടയാറിന്റെ തീരത്തുമായി ഒരുക്കിയ ചടങ്ങുകളിൽ പതിനായിരക്കണക്കിന് ആളുകളെത്തിയാണ് പിതൃപൂജ നടത്തിയത്. കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും ആയിരങ്ങൾ വാവുബലി അർപ്പിച്ചു. കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രം,​ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം,​ വാക്കനാട് മഹാവിഷ്ണു ക്ഷേത്രം,​ നെട്ടയം ഇണ്ടിളയപ്പൻ സ്വാമീ ക്ഷേത്രം,​ മലപ്പേരൂർ ആയിരവില്ലി ക്ഷേത്രം,​ മേലില ക്ഷേത്രം എന്നിവിടങ്ങളിൽ നൂറുകണക്കിന് ആളുകളെത്തി പിതൃ പൂജയിലും ബലിതർപ്പണ ചടങ്ങുകളിലും പങ്കെടുത്തു. എല്ലാ കേന്ദ്രങ്ങളിലും പൊലീസും ഫയർഫോഴ്സും റവന്യൂ ആരോഗ്യ വകുപ്പ് അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.