hos

കൊല്ലം: ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനിംഗ് ഫീസ് പിരിവിൽ വെട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2020- 21 സാമ്പത്തിക വർഷത്തിൽ സി.ടി സ്കാൻ ഫീസ് പിരിവിന്റെ രസീതിലെ വിവരങ്ങളും ബാങ്കിൽ അടച്ച തുകയും തമ്മിൽ 53,179 രൂപയുടെ അന്തരമാണ് കണ്ടെത്തിയിട്ടുള്ളത്.

കണക്കിലെ വ്യത്യാസം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. ഓരോ ദിവസത്തെയും പിരിവ് അന്നന്ന് തന്നെ ബാങ്കിൽ അടയ്ക്കണമെന്നാണ് ചട്ടം. എന്നാൽ കുറച്ചധികം ദിവസത്തെ പിരിവ് ഒരുമിച്ചാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

ഇങ്ങനെ അടയ്ക്കുമ്പോൾ യഥാർത്ഥ പിരിവിൽ നിന്ന് കുറച്ചധികം തുക കുറച്ചാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് കണ്ടെത്തൽ. ജില്ലാ പഞ്ചായത്താണ് ആശുപത്രിയിൽ സി.ടി സ്കാൻ യന്ത്രം സ്ഥാപിച്ചത്. വരുമാനം ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. താത്കാലിക ജീവനക്കാരാണ് ഫീസ് പിരിവ് നടത്തുന്നത്. ക്രമക്കേടിന് ഉത്തരവാദികളായ ജീവനക്കാരിൽ നിന്ന് പണം തിരികെ പിടിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

തീയതി, രസീത് പ്രകാരമുള്ള വരുമാനം, അടച്ചത്, കുറവ്

27-8-20 മുതൽ 6-9-20 വരെ - 1,19,800, 1,19,300, 500

9-12-20 - 11600, 10900, 700

18-12-20 മുതൽ 20-12-20- 25800, 24931, 869

29-12-20 - 9700, 0, 9700

12-1- 21 - 8700, 0, 8700

21-1-21 മുതൽ 26-1-21 - 56450, 54070, 2380

9-2-21 മുതൽ 17-2-21 - 61000, 60640, 360

19-2-21 മുതൽ 25-2-21- 55600, 50500, 5100

27-8-21 മുതൽ 30-8-21 - 55500, 47900, 7600

24-8-21 - 17100, 0, 17100

10-9-21 മുതൽ 12-9-21- 40000, 39790, 210

26-10-21- 12000, 11500, 500

രണ്ടരമാസത്തേക്ക് സ്കാനിംഗില്ല

യന്ത്രം കേടായതിനാൽ സമീപകാലത്ത് പല ദിവസങ്ങളിലും സ്കാനിംഗ് നടന്നിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സ്കാനിംഗ് പൂർണമായും നിലച്ചു. ജില്ലാ പഞ്ചായത്ത് നേരത്തെ ഓഡർ നൽകിയ പുതിയ യന്ത്രം സ്ഥാപിച്ച ശേഷമേ സ്കാനിംഗ് പുനരാരംഭിക്കൂ. ഇതിന് രണ്ടരമാസമെങ്കിലും വേണ്ടിവരും. പഴയ യന്ത്രഭാഗങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തുടങ്ങും.