കൊല്ലം: പാർവതി മിൽ ഭൂമിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയോ, ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെയോ കാമ്പസ് ആരംഭിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. 2008 ൽ പ്രവർത്തനം നിലച്ച പാർവതിമിൽ നഗരത്തിന്റെ ഹൃദയഭാഗത്ത് 16.40 ഏക്കർ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. മില്ലിന്റെ പുനരുദ്ധാരണത്തിനായി നൽകിയ നിരവധി നിർദ്ദേശങ്ങൾ നാളിതുവരെ പരിഗണിച്ചില്ല. കാമ്പസിന് അനുയോജ്യമായ സ്ഥലമാണ്. നിരന്തരം ദുരന്തം നേരിടുന്ന സംസ്ഥാനത്തിന് ഡിസാസ്റ്റർ മാനേജ്‌മെന്റ് കാമ്പസ് അനിവാര്യമാണ്. ഫോറൻസിക് തെളിവുകളുടെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിദഗ്ദരുടെ എണ്ണം വർദ്ധിപ്പിക്കാനും സമയബന്ധിതമായി പരിശോധനകൾ പൂർത്തിയാക്കാനും ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പാർവ്വതിമില്ലിന്റെ സ്ഥലം ഇതിനായി ആവശ്യപ്പെട്ടതെന്ന് എം.പി. അറിയിച്ചു.